കുഞ്ഞിന്റെ ഡിഎൻഎ ഫലം ഇന്ന് ലഭിച്ചേക്കും; കോടതിയിൽ സമർപ്പിക്കും

തിരുവനന്തപുരം: തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ കൈമാറിയെന്ന അനുപമ എസ് ചന്ദ്രന്റെ പരാതിയിൽ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനഫലം ഇന്നു പുറത്തുവന്നേക്കും. വൈകുന്നേരത്തോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരിശോധനാഫലം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഡിഎൻഎ പരിശോധനയ്ക്കുള്ള സാംപിൾ ശേഖരിച്ചാൽ 24 മണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭ്യമാക്കാനാകും. അതനുസരിച്ചു ഇന്നു വൈകുന്നേരത്തോടെ ഫലം സിഡബ്ല്യുസിക്ക് കൈമാറും.

സിഡബ്ല്യുസിക്ക് ലഭിക്കുന്ന പരിശോധനാഫലം അന്വേഷണ റിപ്പോർട്ടിനൊപ്പമാകും കോടതിയിൽ സമർപിക്കുക. ദത്ത് നടപടിക്രമങ്ങളുമായുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 29 ന് കോടതിയിൽ സമർപ്പിക്കാമെന്നാണു സിഡബ്ല്യുസി തിരുവനന്തപുരം കുടുംബകോടതിയെ അറിയിച്ചത്.

ദത്തു കേസിലെ അതിനിർണായക പരിശോധനാഫലമാണ് ഇന്നു ലഭ്യമാകുക. കുഞ്ഞ് തന്റേതാണെന്ന അനുപമയുടെ അനുപമയുടെ അവകാശവാദത്തിന് പരിശോധനാഫലത്തിലൂടെ വ്യക്തതയുണ്ടാകും. പരിശോധനയ്ക്കായി കുഞ്ഞ്, അനുപമ, അജിത്ത് എന്നിവരുടെ സാംപിൾ ശേഖരിച്ചപ്പോഴും സിഡബ്ല്യുസി ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നു.

സർക്കാർ ഏജൻസികൾക്കോ കോടതികൾക്കോ മാത്രമേ ഡിഎൻഎ പരിശോധനാഫലം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജി കൈമാറാവൂ എന്നതാണ് നിയമം.

Exit mobile version