‘ഔഡി കാർ പിന്തുടർന്നിരുന്നു’; മോഡലുകൾ മരിച്ച അപകടത്തിൽ ഡ്രൈവറുടെ നിർണായക വെളിപ്പെടുത്തൽ; ആശുപത്രിയിലെത്തിയും നിരീക്ഷിച്ചു

കൊച്ചി: കൊച്ചിയിൽ മോഡലുകൾ കാർ അപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതകൾ വർധിപ്പിച്ച് ഡ്രൈവറുടെ മൊഴി. അപകടസമയത്ത് ഔഡി കാർ തങ്ങളെ പിന്തുടർന്നിരുന്നുവെന്ന് അപകടത്തിൽപ്പെട്ട കാർ ഓടിച്ച അബ്ദുൾ റഹ്‌മാൻ വെളിപ്പെടുത്തി. സ്വകാര്യ മാധ്യമത്തോടായിരുന്നു ഡ്രൈവറുടെ പ്രതികരണം.

ഇന്ന് മൂന്ന് മണിക്കൂറോളം പോലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. വീണ്ടും കസ്റ്റഡിൽ ആവശ്യപ്പെടാത്തതിനാൽ ഈ മാസം 20 വരെ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.

അതിനിടെ ഇവർ സഞ്ചരിച്ച കാറിനെ പിന്തുടർന്ന ഔഡി കാർ ഓടിച്ചിരുന്ന സൈജു എന്നയാൾ അപകടശേഷം നമ്പർ 18 ഹോട്ടൽ ഉടമ റോയിയെയും ഹോട്ടൽ ജീവനക്കാരേയും വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന് തൊട്ടുപിന്നാലെയാണ് സൈജു റോയിയെ വിളിച്ചത്. ഹോട്ടലുടമ റോയിയുടെ സുഹൃത്താണ് സൈജു.

കഴിഞ്ഞ ദിവസം മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൈജുവിനെ പോലീസ് വിട്ടയച്ചത്. ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്നും കെഎൽ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡി കാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചതിനാൽ മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് ഇവരെ പിന്തുടർന്നായിരുന്നു ഔഡി കാർ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

അപകടത്തിനു ശേഷം പിന്തുടർന്ന ഔഡി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളിൽ അവിടെ എത്തിയിരുന്നു. മാറി നിന്ന് വിവരങ്ങൾ നിരീക്ഷിച്ച ശേഷം ഇവർ മടങ്ങി. പിന്നീട് അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറിൽ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തി.

Exit mobile version