വ്യാപാരസ്ഥാപനങ്ങളിലെ കെട്ടിടസമുച്ചയത്തിലെ പാര്‍ക്കിങിന് ഫീസ് വാങ്ങാന് വ്യവസ്ഥയില്ല; സര്‍ക്കാരിന് ഇതേകുറിച്ച് വിവരമില്ലെന്നും മന്ത്രി

തിരുവനന്തപുരം: വാണിജ്യാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ പാര്‍ക്കിങ് സൗകര്യം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഇവിടെനിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കാന്‍ വ്യവസ്ഥ ചെയ്തിട്ടില്ലെന്നും മന്ത്രി എംവി ഗോവിന്ദന്‍. കേരളത്തില്‍ ഷോപ്പിങ് മാളുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ ചട്ടം ലംഘിച്ച് പണം പിരിക്കുന്നുവെന്നും, ഇത്തരത്തില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കാന്‍ ചട്ടങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടോ എന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉന്നയിച്ച ചോദ്യത്തിനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.

സംസ്ഥാനത്ത് ഇത്തരത്തില്‍ വാഹനപാര്‍ക്കിംഗ് ഫീസ് ഈടാക്കുന്ന വന്‍കിട വ്യാപാരസ്ഥാപനങ്ങളും മാളുകളും സംബന്ധിച്ച് സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് മാളുകള്‍,ആശുപത്രികള്‍ തുടങ്ങി പലയിടങ്ങളിലും ചട്ടം ലംഘിച്ച് വാഹന പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതായി പരാതികള്‍ ഉണ്ട്.

2019 ലെ കേരളാ പഞ്ചായത്ത് ബില്‍ഡിങ് റൂള്‍സില്‍, റൂള്‍ 29 ല്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരം വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് വാഹന പാര്‍ക്കിങ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇപ്രകാരം നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ മേല്‍ ചട്ടങ്ങളില്‍ ഒന്നും തന്നെ പാര്‍ക്കിങ് എരിയകളില്‍ വാഹനങ്ങളില്‍ നിന്നും പാര്‍ക്കിങ് ഫീസ് ഈടാക്കാന്‍ വ്യവസ്ഥ ചെയ്തിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.

Exit mobile version