ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പാളി; കേസില്‍ കക്ഷി ചേര്‍ന്ന് ജോജു ജോര്‍ജ്

കൊച്ചി: വൈറ്റിലയിലുണ്ടായ സംഘര്‍ഷത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ കാറ് തകര്‍ത്ത സംഭവത്തിലെ പ്രതി ജോസഫിന്റെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന് ജോജു. ഇതോടെ കോണ്‍ഗ്രസുമായി ഉണ്ടാക്കിയെന്ന് പറയുന്ന ഒത്തുതീര്‍പ്പ് പാളിയിരിക്കുകയാണ്.

രണ്ടു പക്ഷത്തിനും തെറ്റ് മനസ്സിലായെന്നും കേസ് ഒത്തുതീര്‍ക്കുമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ഇന്ന് ജോജു കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയത്. ഇന്ന് ഉച്ചക്ക് ശേഷം 2.30-നാണ് ജാമ്യ ഹര്‍ജി എറണാകുളം സിജെഎം കോടതി പരിഗണിക്കുന്നത്.

ജാമ്യ ഹര്‍ജിയെ ജോജു എതിര്‍ക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിഡി സതീശന്‍, ഹൈബി ഈഡന്‍ എന്നിവര്‍ മുന്‍കൈയെടുത്ത് നടത്തിയ സമവായ ചര്‍ച്ച വിജയിച്ചുവെന്നും കേസ് പിന്‍വലിക്കാന്‍ ജോജു തയാറാണെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇതേക്കുറിച്ച് ജോജു പ്രതികരിച്ചിരുന്നില്ല. കേസില്‍ ജോസഫിനെ കൂടാതെ അഞ്ച് പേര്‍ കൂടി അറസ്റ്റിലായെങ്കിലും ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു.

Exit mobile version