‘സന്ധ്യ പ്രതികരിച്ചപ്പോള്‍ അഞ്ച് ലക്ഷം പാരിതോഷികം, ജോജു കള്ളുകുടിയനായി’; പരിഹസിച്ച് സോഷ്യല്‍ മീഡിയ

കോഴിക്കോട്: യുഡിഎഫ് ഭരണകാലത്ത് സിപിഎം നേതൃത്വത്തില്‍ നടന്ന ക്ലിഫ്ഹൗസ് ഉപരോധത്തിന്റെ സമയത്ത് വഴി തടസപ്പെടുത്തി എന്നാരോപിച്ച് സമരക്കാര്‍ക്കെതിരെ
വിമര്‍ശിച്ച കോണ്‍ഗ്രസാണ് ഇന്ന് മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് ജനങ്ങളെ വെല്ലുവിളിക്കുന്നതെന്ന പരിഹാസവുമായി സോഷ്യല്‍മീഡിയ.

ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ സമരത്തില്‍ റോഡ് ഗതാഗതം തടസപ്പെടുത്തിയതിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജ്ജിനെ അധിക്ഷേപിക്കുന്നവര്‍ അന്ന് സമരക്കാര്‍ക്കെതിരെ പ്രതിഷേധിച്ച സന്ധ്യ എന്ന സ്ത്രീയെ സമരത്തിനെതിരായ പ്രതീകമാക്കി ഉയര്‍ത്തിക്കാണിച്ച കോണ്‍ഗ്രസിനെയാണ് സോഷ്യല്‍മീഡിയ പരിഹസിക്കുന്നത്.

സമരത്തിനെതിരെ കോണ്‍ഗ്രസും മാധ്യമങ്ങളും സന്ധ്യയെ പ്രതീകമായി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സന്ധ്യക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തത് വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു. അന്ന് സന്ധ്യയെ പ്രകീര്‍ത്തിച്ച ഷാഫി പറമ്പില്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളും മറ്റുമാണ് ഇന്ന് സാമൂഹിക മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

വഴി തടസപ്പെടുത്തിയതിനെതിരെ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസാണ് ഇപ്പോള്‍ വഴി തടഞ്ഞു ജനങ്ങളെ വെല്ലുവിളിക്കുന്നത് എന്ന പരിഹാസമാണ് വ്യാപകമാകുന്നത്.

സന്ധ്യ പ്രതികരിച്ചപ്പോള്‍ അഞ്ചു ലക്ഷം രൂപ, എന്നാല്‍ ജോജു പ്രതികരിച്ചപ്പോള്‍ കള്ളുകുടിയനായി ചിത്രീകരിക്കുന്നുവെന്നാണ് സോഷ്യല്‍മീഡിയയിലെ അഭിപ്രായങ്ങള്‍. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഫേസ്ബുക്ക് പേജിലും ഇക്കാര്യം ചൂണ്ടിക്കാണിച്ച് കമന്റുകള്‍ നിറയുകയാണ്.

‘ജോജുവിനൊപ്പം തന്നെയാണ്..’, ‘ആരാണ് പൊതുജനങ്ങളുടെ വഴി തടയാന്‍ സമരക്കാര്‍ക്ക് അധികാരം തന്നത്’, ‘ജോജു മാസാണ്..’ എന്നെല്ലാമുള്ള കമന്റുകളും മുമ്പ് സന്ധ്യയെ പ്രശംസിച്ച ഷാഫി പറമ്പില്‍ പോലുള്ളവരുടെ പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്.

സംഭവം പരാമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവരും രംഗത്തെത്തി. ‘ഇന്ന് പ്രിയ നടന്‍ ജോജുവിന് എറണാകുളത്ത് നേരിടേണ്ടി വന്നത് രാഷ്ട്രീയ ഭേദമന്യേ അപലപിക്കേണ്ട സംഭവമാണ്. തങ്ങളുടെ നിലപാടിന് വിരുദ്ധമായി ശബ്ദം ഉയര്‍ത്തിയാല്‍ കേട്ടാല്‍ അറയ്ക്കുന്ന ചീത്ത വിളിയും, മാനഹാനിയും. കുറച്ചു വര്‍ഷങ്ങള്‍ പുറകെ സഞ്ചരിച്ചാല്‍ ഇന്ന് ഈ ക്രൂരത ചെയ്ത രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും, പുരോഗമനവാദിയുടെ മുഖംമൂടിവെച്ച കോര്‍പ്പറേറ്റ് ഇരട്ടത്താപ്പ് വ്യക്തമായി മനസിലാക്കാം.’-കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

രക്തപരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്നു വ്യക്തമായതും ജോജുവിന്റെ മാതാപിതാക്കളെ അധിക്ഷേപിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തതും കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്.

Exit mobile version