‘നിങ്ങള്‍ക്കുമാകാം കോടീശ്വരനില്‍’ നിന്നും പിന്നണി ഗായകനിലേക്ക്: ‘കാവലിലൂടെ’ സന്തോഷിന്റെ ആഗ്രഹം സഫലമാക്കി സുരേഷ് ഗോപി

ഒരു സിനിമയില്‍ പാടിയ ശേഷമേ മരിക്കാവൂ എന്ന സന്തോഷിന്റെ ആഗ്രഹം സഫലമാക്കി സുരേഷ് ഗോപി. 2019-20 നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ അഞ്ചാം സീസണിലെ മത്സരാര്‍ഥിയായിരുന്നു സംഗീത. അവര്‍ക്കൊപ്പം വേദിയില്‍ എത്തിയതായിരുന്നും സന്തോഷ്.

അന്ന് ശ്രീരാഗമോ എന്ന ഗാനം പാടി സന്തോഷ് സുരേഷ് ഗോപിയുടെ മനംകവര്‍ന്നു.
ഒരു സിനിമയില്‍ പാടിയ ശേഷമേ മരിക്കാവൂ എന്ന സന്തോഷിന്റെ ആഗ്രഹം സംഗീതയാണ് തുറന്നു പറഞ്ഞത്. സന്തോഷിന്റെ ആഗ്രഹം നിറവേറ്റാനുള്ള സുരേഷ് ഗോപിയുടെ തീരുമാനം ‘കാവല്‍’ എന്ന സിനിമയിലൂടെ യാഥാര്‍ഥ്യമായിരിക്കുകയാണ്.

രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കാവലിലൂടെ അങ്ങനെ സന്തോഷ് ചലച്ചിത്ര പിന്നണി ഗായകനായിരിക്കുന്നു. കാര്‍മേഘം മൂടുന്നു… എന്ന പാട്ടാണ് സന്തോഷ് ആലപിച്ചിട്ടുളളത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം നല്‍കിയിരിക്കുന്നു.

സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘കാവല്‍’ നവംബര്‍ 25ന് തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Exit mobile version