ചാർജ് വർധനവ് ഉറപ്പാക്കാൻ, നവംബർ 9 മുതൽ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: മിനിമം ചാർജ് വർധനവ് ഉൾപ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് നവംബർ ഒമ്പതു മുതൽ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്.

കോവിഡ് കാലത്ത് ഡീസൽ വില വർധിക്കുന്നുവെന്നും ഇങ്ങനെ തുടർന്നാൽ ഈ വ്യവസായത്തിന് പിടിച്ച് നിൽക്കാൻ പറ്റുന്നില്ലെന്നും ഉടമകൾ പറയുന്നു. ബസ് ചാർജ് വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് പ്രതികരണം.

മിനിമം ചാർജ് 12 രൂപയെങ്കിലും ആക്കണമെന്നാണ് ഇവരുടെ ആവശ്യം. വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നൽകുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകൾ മുന്നോട്ട് വെക്കുന്നു.

മുമ്പ് പ്രഖ്യാപിച്ച സമരം മാറ്റിവെച്ചതാണെന്നും, ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ നൽകിയിരിക്കുന്ന ശിപാർശ അടിയന്തരമായി നടപ്പാക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. നിരക്ക് വർധനവ് ആവശ്യപ്പെട്ട് പലവട്ടം സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതിരുന്നതോടെയാണ് സമരത്തിലേക്ക് നീങ്ങുന്നത്.

Exit mobile version