കഞ്ചാവ് ലഹരിയിൽ പാട്ടും നൃത്തവും, ചോദ്യം ചെയ്ത ജീവനക്കാരെ ആക്രമിച്ചു; ഹോട്ടൽ അടിച്ചു തകർത്തു; കോട്ടയത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ

കോട്ടയം: കഞ്ചാവുലഹരിയിൽ കോട്ടയത്ത് യുവാക്കളുടെ അഴിഞ്ഞാട്ടം. ഹോട്ടൽ അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മുട്ടമ്പലം പറയത്തുശ്ശേരിൽ ഡോൺ മാത്യു (22), വടവാതൂർ പുത്തൻപുരയിൽ ജസ്റ്റിൻ സാജൻ (20), മുട്ടമ്പലം പുതുപ്പറമ്പിൽ ശരത്ത് പി രാജ് (20) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ റിജോ പി ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി കോട്ടയം കഞ്ഞിക്കുഴി ഹോബ്നോബ് ഹോട്ടലിലായിരുന്നു ആക്രമണം നടത്തിയത്. കഞ്ചാവ് ലഹരിയിൽ ഹോട്ടലിനുള്ളിൽ പാട്ടും നൃത്തവും നടത്തിയത് ജീവനക്കാർ ചോദ്യംചെയ്തതോടെ യുവാക്കൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ജീവനക്കാരെ കൈയ്യേറ്റം ചെയ്തവർ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ പ്ലേറ്റുകൾ എറിഞ്ഞുടച്ചു. ഹോട്ടലിന്റെ മുൻവശത്തെ ചില്ലും അടിച്ചുതകർത്തു. തുടർന്ന് രക്ഷപ്പെട്ട് ഒളിവിൽപ്പോയ ആക്രമികളെ ശനിയാഴ്ച വൈകീട്ട് പോലീസ് പിടികൂടുകയായിരുന്നു.

Exit mobile version