സപ്ലൈക്കോയുടെ ശബരി വെളിച്ചെണ്ണയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ നടത്തിയ വ്യാജ പ്രചരണത്തിന് പിന്നില്‍ സ്വകാര്യ ലോബി, ആരോപണങ്ങളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

കൊച്ചി: സപ്ലൈക്കോയുടെ ശബരി വെളിച്ചെണ്ണയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണത്തിന് പിന്നില്‍ സ്വകാര്യ ലോബിയെന്ന് സംശയം. ഒരു അടിസ്ഥാനവുമില്ലാത്ത പച്ച കള്ളങ്ങളാണ് ‘ശബരി’ക്കെതിരെ ഉന്നയിക്കപ്പെട്ടത് എന്ന് തെളിവ് സഹിതം സോഷ്യല്‍ മീഡിയ തന്നെ പൊളിച്ചടുക്കുന്നുണ്ട്.

അടിമാലി സപ്ലൈകോയില്‍ നിന്നും വാങ്ങിയ ശബരി വെളിച്ചെണ്ണയില്‍ മെഴുക് കലര്‍ന്നിട്ടുണ്ടെന്നാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ വീട്ടമ്മ പറയുന്നത്.

എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാതെ ശബരി വെളിച്ചെണ്ണയെ കുറിച്ച് സപ്ലൈകോയുടെ സല്‍പ്പേരിന് കളങ്കം വരുത്തുന്ന രീതിയിലുള്ള വാര്‍ത്തയാണിതെന്ന് സപ്പ്‌ളൈക്കോ അധികൃതര്‍ ബിഗ്ന്യൂസിനോട് പറഞ്ഞു. അഗ് മാര്‍ക്ക് ക്വാലിറ്റിയുള്ള ഉയര്‍ന്ന ഗുണമേന്മയുള്ള ശബരി വെളിച്ചെണ്ണയെ അപകീര്‍ത്തിപ്പെടുത്തി ജനമനസ്സില്‍ ഭീതി നിറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കൊച്ചിയിലെ നിയോജന്‍ ലാബില്‍ സ്ഥിരമായി നടത്തുന്ന വിശദമായ പരിശോധനയ്ക്ക് ശേഷം ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് വെളിച്ചെണ്ണയടക്കമുളള സപ്ലൈകോയുടെ എല്ലാ ഉത്പന്നങ്ങളും വില്‍പ്പനശാലകളില്‍ എത്തിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

സാധാരണ അന്തരീക്ഷ ഊഷ്മാവായ 24-25 ഡിഗ്രിസെല്‍ഷ്യസില്‍ സൂക്ഷിക്കുന്ന വെളിച്ചെണ്ണ ഖനീഭവിച്ച് വെളുത്ത നിറത്തില്‍ ഖര പദാര്‍ഥമാകുന്നത് വെളിച്ചെണ്ണയുടെ ഗുണ നിലവാരമില്ലായ്മയാണെന്ന് സാമൂഹികമാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിച്ച വ്യാജപ്രചരണം നടക്കുന്നുണ്ട്.

വെളിച്ചെണ്ണയില്‍ കാണുന്ന വെളുത്ത ഖരപദാര്‍ഥം എണ്ണയുടെ ഗുണമേന്മയെ ഒരു തരത്തിലും ബാധിക്കുന്നതല്ല എന്ന് നാളികേര ബോര്‍ഡ് വ്യക്തമാക്കുന്നു. ശബരി വെളിച്ചെണ്ണ സുരക്ഷിതവും 100 ശതമാനം ഭക്ഷ്യയോഗ്യവുമാണ്.

ഉറഞ്ഞ വെളിച്ചെണ്ണ ഉരുകുന്നത് 24 ഡിഗ്രി സെല്‍ഷ്യസിലാണ്. അതുകൊണ്ട് 24 ഡിഗ്രി സെല്‍ഷ്യസിന് താഴെയുള്ള താപനിലയില്‍ അത് ഖരാവസ്ഥയിലായിരിക്കും. ഭാഗികമായി ഉരുകിയ വെളിച്ചെണ്ണയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ പാത്രത്തിനടിയില്‍ 3ശതമാനത്തിലധികം വെളുത്ത ഖരപദാര്‍ഥങ്ങള്‍ കാണപ്പെടും. വെളിച്ചെണ്ണയുടെ ഈ വെളുത്തഖര രൂപീകരണ പ്രതിഭാസം മഞ്ഞുകാലത്ത് ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് ഇടുക്കിയിലും വയനാട്ടിലും ഗള്‍ഫ് നാടുകളിലും സംഭവിക്കുന്നതാണ്.

വെളിച്ചെണ്ണ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടാക്കുമ്പോള്‍ അതിലെ തരികള്‍ ഉരുകും. എന്നാല്‍ മുന്‍ താപനിലയിലേക്ക് മടങ്ങുമ്പോള്‍ അര്‍ദ്ധ ഖരപദാര്‍ഥങ്ങള്‍അതില്‍ ാണപ്പെടും. വെളിച്ചെണ്ണയിലെ പൂരിത കൊഴുപ്പിന്റെ സ്വാഭാവിക ഖനീഭൂത അവസ്ഥയാണിത്. പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ മാത്രമേ പാരഫിന്‍ ഖരരൂപം പ്രാപിക്കുകയുള്ളു.

അതിനാല്‍ വെളിച്ചെണ്ണയില്‍ കാണുന്ന വെളുത്ത തരികള്‍ പാരഫിന്‍ ആണെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം തികച്ചും വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. ഇത്തരം വ്യാജവാര്‍ത്തകളാല്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും സപ്ലൈകോ അറിയിക്കുന്നു.

അതേസമയം, ശബരി വെളിച്ചെണ്ണയുടെ ഗുണമേന്മയെ കുറിച്ച് സപ്ലൈക്കോയ്ക്ക് പരാതികളൊന്നും നിലവില്‍ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

അതെ സമയം ജനങ്ങളുടെ പ്രിയപ്പെട്ട സപ്ലൈക്കോക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെ ഉറവിടം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സോഷ്യല്‍ മീഡിയയില്‍ തന്നെ പലരും ആവശ്യപ്പെടുന്നു. കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് വെളിച്ചെണ്ണ ജനപ്രിയമാകുമ്പോള്‍ പൊള്ളുന്നത് സ്വകാര്യ വെളിച്ചെണ്ണ ലോബികള്‍ക്ക് ആവും എന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും എന്നാണ് സോഷ്യല്‍ മീഡിയയില്‍ തന്നെ പലരും അഭിപ്രായപ്പെടുന്നത്.

ഉത്പന്നങ്ങളെ കുറിച്ച് സംശയമുള്ള ഉപഭോക്താക്കള്‍ക്ക് സ്വന്തം നിലയില്‍ തന്നെ സപ്ലൈക്കോയ്ക്ക് പരാതി നല്‍കാവുന്നതാണ്. എല്ലാ സപ്ലൈക്കോ കേന്ദ്രങ്ങളിലും അതിനുള്ള ഡിപ്പാര്‍ട്ട്‌മെന്റ് മാനേജറുടെ നമ്പറും വിജിലന്‍സ് ഓഫീസറുടെ നമ്പറും പ്രദര്‍ശിപ്പിച്ചുണ്ട്. അതിലേക്ക് വിളിച്ച് പരാതി പറയാവുന്നതാണ്. അല്ലെങ്കില്‍ info@supplycomail.com എന്നതിലേക്ക് പരാതി ഇമെയില്‍ ചെയ്യാമെന്നും സപ്ലൈക്കോ അറിയിച്ചു.

മാത്രമല്ല,ഉപഭോക്താക്കള്‍ക്ക് വേണമെങ്കില്‍ സ്വന്തമായിട്ട് തന്നെ കോന്നിയിലെ സിഎഫ്ആര്‍ഡി ലാബിലോ NABL/FSSAI അക്രഡിറ്റേഷനുള്ള സ്വകാര്യ ലാബുകളിലോ പരിശോധിച്ച് ഉറപ്പുവരുത്താവുന്നതുമാണ്. ഇതൊന്നും ചെയ്യാതെ ആണ് സപ്ലൈക്കോ ശബരി വെളിച്ചെണ്ണക്കെതിരെ ദുരാരോപണങ്ങൾ ഉന്നയിക്കപ്പെടുന്നത്.

Exit mobile version