സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വീട് മുങ്ങി, അരയ്‌ക്കൊപ്പം വെള്ളത്തില്‍ നിന്ന് ഷോണ്‍ ജോര്‍ജ്, തന്റെ ജീവിതത്തില്‍ ഇത് ആദ്യമെന്ന് പിസി ജോര്‍ജ്

കോട്ടയം: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഇപ്പോള്‍ ജനപക്ഷം നേതാവായ പിസി ജോര്‍ജിന്റെ വീടും മുങ്ങി. അരയ്‌ക്കൊപ്പം വെള്ളത്തില്‍ നിന്ന് വീട് മുങ്ങിയ വിവരം പങ്കുവെച്ച് ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. സംഭവത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സൈബറിടത്ത് നിറഞ്ഞു കഴിഞ്ഞു. അതേസമയം, തന്റെ ജീവിതത്തില്‍ ഇത് ആദ്യസംഭവമെന്ന് പിസി ജോര്‍ജ് പ്രതികരിച്ചു.

വീടിന്റെ ഉള്ളിലും വെള്ളം കയറി. ഈരാറ്റുപേട്ടയില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പി.സി ജോര്‍ജ് പറയുന്നു. ജനങ്ങള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും പന്തളം, ചെങ്ങന്നൂര്‍, റാന്നി, കോന്നി, പാലാ, കോട്ടയം എന്നിവടങ്ങളിലുള്ളവര്‍ വലിയ ശ്രദ്ധ വയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ പരക്കെ മഴ തുടരുകയാണ്. 2018 ലെ പ്രളയ സമാനമാണ് പലയിടത്തും കണ്ടുവരുന്നത്. മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടി. സംസ്ഥാനത്ത് മഴ തീവ്രമാകുമെന്നാണ് നല്‍കുന്ന മുന്നറിയിപ്പ്.

ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. അഞ്ചു ജില്ലകളില് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് ഓറഞ്ച് അലര്‍ട്ടും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

Exit mobile version