മഴ കനത്തതോടെ കോഴിക്കോട്ടെ ട്രഷറി ഓഫീസും വെള്ളത്തിലായി; പ്രവർത്തനവും നിലച്ചു

കോഴിക്കോട്: നഗരത്തിൽ മഴ കനത്തതോടെ കോഴിക്കോട് മാനാഞ്ചിറയിലെ ട്രഷറി ഓഫീസും വെള്ളത്തിലായി. തിങ്കളാഴ്ച മുതൽ തുടങ്ങിയ മഴ നിലയ്ക്കാതായതോടെയാണ് വെള്ളം കയറിയത്. നിലത്ത് നിന്ന് ഉറവ വന്നതോടെയാണ് വെള്ളം ട്രഷറി ഓഫീസിന്റെ ഉള്ളിലെത്തുകയായിരുന്നു.

ജീവനക്കാർ എത്തി വെള്ളം പുറത്ത് കളയാനുള്ള ശ്രമം നടത്തിയെങ്കിലും മഴ തുടരുന്നത് ശുചീകരണ പ്രവർത്തനവും ദുഷ്‌കരമാക്കി. സ്റ്റാമ്പ് പേപ്പറുകൾ അടക്കമുള്ള വില കൂടിയ സാധനങ്ങൾ മുകളിലേക്ക് എടുത്ത് വെച്ചതിനാൽ വലിയ നഷ്ടം ഒഴിവായി.

കോടതിയിൽ നിന്ന് ഏൽപിക്കുന്ന ചില തൊണ്ടിസാധനങ്ങളും ഇലക്ഷൻ സാമഗ്രികളും മാത്രമാണ് നിലത്തുണ്ടായിരുന്നത്. അത് ജീവനക്കാർ മാറ്റിവെച്ചു.പുതിയ ട്രഷറി കെട്ടിടത്തിനായുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കണമെന്നാണ് ജീവനക്കാർ പറയുന്നത്. വെള്ളം കയറിയതോടെ ഓഫീസിന്റെ പ്രവർത്തനവും ഇന്ന് നിലച്ചു.

Exit mobile version