ധ്രുവ് അല്ല ഉത്രയുടെ മകൻ ഇനി ആർജ്ജവ്; പ്രതിയുടെ ആളുകൾ വാവ സുരേഷിനെ വരെ ഭീഷണിപ്പെടുത്തി; പരമാവധി ശിക്ഷ നൽകണമെന്ന് ഉത്രയുടെ രക്ഷിതാക്കൾ

അഞ്ചൽ: ഉത്ര വധക്കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്രയുടെ അച്ഛനും അമ്മയും. കേസു നടത്തുമ്പോൾ ഒരുപാട് മാനസികസംഘർഷങ്ങളും ഭീഷണികളും നേരിടേണ്ടി വന്നെന്ന് ഉത്രയുടെ അച്ഛൻ വിജയസേനൻ പറഞ്ഞു. കേസിന്റെ വാദം നടക്കുമ്പോൾതന്നെ പ്രതികളുടെ ആൾക്കാരിൽനിന്നു സാക്ഷികൾക്ക് ഭീഷണി നേരിടേണ്ടിവന്നു. മൊഴികൊടുക്കാനെത്തിയ വാവാ സുരേഷിനെ കൊന്നുകളയുമെന്ന് വരെ ഭീഷണിപ്പെടുത്തി. എങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും സർക്കാരിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിച്ചത്. ഇനിയാർക്കും ഇതുപോലൊരു ദുരന്തമുണ്ടാകരുതെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.

അതേസമയം, ഉത്ര മരിക്കുകയും സൂരജ് കൊലക്കുറ്റത്തിന് ജയിലിലാവുകയും ചെയ്തതൊന്നും അറിയാതെ മകൻ രണ്ടര വയസുകാരൻ വീട്ടിൽ കളിചിരിയിൽ മുഴുകകയാണ്. കൃത്യമായി പറഞ്ഞാൽ രണ്ടുവയസ്സും അഞ്ചുമാസവും പ്രായമുള്ള ഈ കുഞ്ഞിന് ചുറ്റും നടക്കുന്ന സംഘർഷങ്ങളൊന്നും മനസിലാക്കാനുള്ള പ്രായമായിട്ടില്ല. അവനിപ്പോൾ ധ്രുവ് അല്ല, ആർജവാണ്. അച്ഛൻ സൂരജും അച്ഛന്റെ വീട്ടുകാരും ഇട്ട ധ്രുവ് എന്നപേര് ഉത്രയുടെ വീട്ടുകാർ മാറ്റി ആർജവെന്നാക്കി. ആർജവത്തോടെ ഈ ലോകത്ത് ജീവിക്കേണ്ട കുട്ടിയായതുകൊണ്ടാണ് ആർജവ് എന്ന പേരുനൽകിയതെന്ന് ഉത്രയുടെ അച്ഛൻ പറഞ്ഞു. ആർജവിന് ഒരു വയസ്സുള്ളപ്പോഴായിരുന്നു ഉത്ര മരിച്ചത്.

അതേസമയം, കേസിന്റെ വിധി വരുന്ന തിങ്കളാഴ്ച രാവിലെമുതൽ പ്രതി സൂരജിന്റെ പറക്കോട്ടെ ശ്രീസൂര്യ വീട് അടഞ്ഞുകിടക്കുകയായിരുന്നു. സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയുമാണ് ഇവിടെ താമസം. എങ്കിലും ഇവരാരും മാധ്യമപ്രവർത്തകർ ഇവിടെ എത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. അയൽപക്കക്കാർക്കും ഇവർ എവിടെപ്പോയെന്ന് അറിവില്ലായിരുന്നു. പ്രദേശവാസികളുമായി അടുപ്പത്തിലല്ല ഇവരുടെ കുടുംബം എന്നാണ് വിവരം. സൂരജിന്റെ അമ്മ വീട്ടിലുണ്ടെന്നും അച്ഛനും സഹോദരിയും കോടതിയിൽ പോയിരിക്കാമെന്നും ചിലർ സംശയം പ്രകടിപ്പിച്ചു. കേസിന്റെ ആദ്യഘട്ടത്തിൽ സൂരജിന്റെ അച്ഛനും അമ്മയും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Exit mobile version