ചുങ്കാല്‍ വനത്തില്‍ നിന്ന് ചന്ദനമരം കടത്താന്‍ ശ്രമം: കോടാലി വച്ചയുടനെ കൈയ്യോടെ പിടികൂടി

തൃശൂര്‍: വനത്തിലെ ചന്ദനമരത്തില്‍ കോടാലി വച്ചവരെ കൈയ്യോടെ പിടികൂടി വനപാലകര്‍. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ ചുങ്കാല്‍ വനത്തില്‍ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുപേരെ വനപാലകര്‍ പിടികൂടി.

പട്ടാമ്പി പ്രഭാപുരം സ്വദേശികളായ പാലത്തിങ്കല്‍ അന്‍വര്‍ സാദത്ത്(47), പാലക്കാപറമ്പില്‍ റഷീദ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ചന്ദനമരങ്ങള്‍ മുറിക്കാന്‍ ഉപയോഗിച്ച വെട്ടുകത്തി, കോടാലി, വാള്‍ എന്നിവ കണ്ടെടുത്തു.

റേഞ്ച് ഓഫീസര്‍ ജോബിന്‍ ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനപാലകര്‍ സ്ഥലത്തെത്തി പ്രതികളെ കയ്യോടെ പിടികൂടിയത്. റേഞ്ച് ഓഫീസറെ കൂടാതെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.കെ.പ്രഭാകരന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ബി.ശോഭന്‍ബാബു, ബീറ്റ് ഓഫീസര്‍മാരായ പി.എസ്.സന്ദീപ്, ഗിനില്‍ ചെറിയാന്‍, സ്റ്റാന്‍ലി കെ.തോമസ്, ഡ്രൈവര്‍ പ്രണവ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു
.

Exit mobile version