16 ലക്ഷത്തിന്റെ കുഴൽപ്പണം ബെൽറ്റ് രൂപത്തിൽ അരയിൽ സൂക്ഷിച്ച് കടത്തി; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

തിരൂർ: 16 ലക്ഷം രൂപയുടെ കുഴൽപ്പണം കടത്താൻ ശ്രമിക്കുന്നതിനിടെ ഒരാൾ അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് താനൂരിൽനിന്ന് പോലീസ് പിടികൂടിയത്. 500, 2000 രൂപയുടെ കറൻസികൾ ദേഹത്ത് ബെൽറ്റ് പോലെ കെട്ടിയാണ് ഇയാൾ ഒളിപ്പിച്ചിരുന്നത്.

കോയമ്പത്തൂർ കണ്ണൂർ എക്‌സ്പ്രസ് ട്രെയിനിൽ വന്നിറങ്ങിയ ഇയാളെ താനൂരിലെത്തിയാണ് പോലീസ് പിടികൂടിയത്. കോയമ്പത്തൂരിൽനിന്ന് നിരവധി തവണ ഇയാൾ പണമെത്തിച്ച് വിതരണം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇടയ്ക്കിടെ മൊബൈൽ ഫോൺ നമ്പറുകൾ മാറ്റിയും ഫോൺ സ്വിച്ച് ഓഫ് ചെയ്തുമാണ് പ്രതി പോലീസ് നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നത്.

ഇത്തരത്തിൽ കുഴൽപ്പണം കടത്തുന്നതിനിടെ ഇയാൾ നേരത്തെയും പിടിയിലായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദേശപ്രകാരം താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ താനൂർ സിഐ കെജെ ജിനേഷ്, എസ്‌ഐമാരായ ശ്രീജിത്ത്, ഹരിദാസ്, സിപിഒമാരായ സലേഷ്, വിപിൻ, ജിനേഷ്, സുബൈർ, സാജൻ എന്നിവരും ഡാൻസഫ് സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Exit mobile version