കളഞ്ഞുപോയ എടിഎം കാർഡ് കൈക്കലാക്കി പണം തട്ടി; സൂപ്പർമാർക്കറ്റിലെ കാഷ്യറായ 19കാരൻ യുവാവ് പിടിയിൽ

പന്തീരാങ്കാവ്: ഉടമയിൽ നിന്നും നഷ്ടപ്പെട്ട എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഓൺലൈൻ ഇടപാടിലൂടെയും മറ്റും പണം തട്ടിയ യുവാവിനെ പന്തീരാങ്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്.

ഒളവണ്ണ കൊളത്തറ ചുങ്കം വലിയതിരുത്തി പറമ്പിൽ അബ്ദുൽ അഫാർ ആണ് (19) പിടിയിലായത്. ഒളവണ്ണ സ്വദേശി അഷ്‌റഫിന്റെ നഷ്ടപ്പെട്ട കാർഡാണ് അഫാറിന് ലഭിച്ചത്. ഇതുപയോഗിച്ചാണ് 11,500 രൂപ തട്ടിയെടുത്തത്. അഞ്ച്, ആറ് തീയതികളിലായാണ് തട്ടിപ്പ് നടത്തിയത്.


ഓൺലൈൻ ഇടപാടിലൂടെയും പമ്പിൽനിന്നും പെട്രോൾ വാങ്ങിയുമാണ് ഇയാൾ പണം ചെലവഴിച്ചത്. അരയടത്ത് പാലത്തെ സ്വകാര്യ സൂപ്പർ മാർക്കറ്റിൽ കാഷ്യറാണ് പ്രതി. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിൽ എസ്‌ഐ ധനഞ്ജയദാസ്, സിവിൽ പോലീസ് ഓഫിസർമാരായ അനീഷ്, പ്രദീപ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Exit mobile version