രാജസ്ഥാനിലെ മരുഭൂമിയിൽ വെച്ച് മലയാളി റൈഡറുടെ ദുരൂഹമരണം കൊലപാതകം; ഭാര്യയും സുഹൃത്തുക്കളും അറസ്റ്റിൽ

ജയ്പൂർ: മൂന്ന് വർഷങ്ങൾക്ക് മുമ്പ് രാജസ്ഥാനിലെ മരുഭൂമിയിൽ പരിശീലിക്കുന്നതിനിടെ മരണപ്പെട്ട മലയാളിയായ ബൈക്ക് റൈഡറുടെത് കൊലപാതകമെന്ന് തെളിഞ്ഞു. 34കാരനായ മലയാളി ബൈക്ക് റൈഡറുടെ ദുരൂഹ മരണത്തിൽ വർഷങ്ങൾക്ക് ശേഷമാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്.

ജയ്‌സാൽമീറിലെ ഇന്ത്യബാജ മോട്ടോർസ്‌പോട്‌സ് റാലിക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയായിരുന്നു മലയാളി റൈഡറായ അസ്ബാക്ക് മോന്റെ മരണം. 2018 ആഗസ്റ്റ് 16നാണ് അസ്ബാക്ക് മരണപ്പെട്ടത്. ഇത് കൊലപാതകമാണെന്നാണ് രാജസ്ഥാൻ പോലീസ് കണ്ടെത്തിയിരിക്കുകയാണ.് കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യയും രണ്ട് സുഹൃത്തുക്കളും ബംഗളൂരുവിൽ നിന്നും അറസ്റ്റിലായി.

ഭാര്യ സുമേര പർവേസും സുഹൃത്തുകളായ സഞ്ജയ്, വിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ അറസ്റ്റ് വൈകാതെയുണ്ടാവുമെന്ന് പോലീസ് അറിയിച്ചു. മരുഭൂമിയിൽ ബൈക്കോടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടായെന്നും തുടർന്ന് മരണം സംഭവിച്ചുവെന്നും ഭാര്യയും സുഹൃത്തുക്കളും പറഞ്ഞിരുന്നു. ഇവരുടെ മൊഴി വിശ്വസിച്ച് പോലീസ് കേസ് അവസാനിപ്പിച്ചിരുന്നു.

എന്നാൽ പിന്നീട്, ജയ്‌സാൽമീർ പോലീസ് സൂപ്രണ്ട് അജയ് സിങ് പഴയ കേസ് ഫയലുകൾ നോക്കുന്നതിനിടെ ഈ കേസിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തി. മൃതദേഹത്തിൽ പരിക്കേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നത് പോലീസിന്റെ സംശയം വർധിപ്പിച്ചു. ബൈക്കറുടെ ഭാര്യയുടേയും സുഹൃത്തുക്കളുടേയും ഫോൺ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ സംശയാസ്പദമായ പലതും കണ്ടെത്താൻ കഴിഞ്ഞെന്നാണ് വിവരം. തുടർന്നാണ് കേസിൽ രാജസ്ഥാൻ പൊലീസ് പുനരന്വേഷണം നടത്തിയത്. കേസിൽ 2020 ഡിസംബറിൽ പുനരന്വേഷണം ആരംഭിച്ചത്.

Exit mobile version