കുളം പറമ്പാണെന്ന് കരുതി കാർ പാർക്ക്‌ചെയ്തു; തൃപ്പൂണിത്തുറയിൽ രണ്ടുപേർ കാറിനൊപ്പം വെള്ളത്തിൽ!

തൃപ്പൂണിത്തുറ: നഗരസഭയുടെ പുതിയ എജി രാഘവ മേനോൻ മന്ദിരത്തോട് ചേർന്നുള്ള ആഴമേറിയ ‘പോളക്കുള’ത്തിലേക്ക് രണ്ട് യാത്രികരെയും കൊണ്ട് കാർ മുങ്ങു. സ്റ്റാച്യുവിനു സമീപത്താണ് സംഭവം. കാറിന്റെ ഡിക്കി ഭാഗം തുറക്കാൻ സാധിച്ചതുകൊണ്ട് വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ശബ്ദംകേട്ട് സമീപവാസികളടക്കം ഓടിക്കൂടിയാണ് യാത്രക്കാരായ ഇരുവരേയും കരയ്ക്ക് കയറ്റിയത്.

കടവന്ത്ര ഓർക്കിഡ് പാരഡൈസ് അപ്പാർട്ട്‌മെൻറിൽ താമസിക്കുന്ന വേണുഗോപാൽ (56), തിരുവാങ്കുളം സോണാട്ട് ബിനോയ് (54) എന്നിവരാണ് കാറിനൊപ്പം കുളത്തിൽ വീണത്. ഇരുവരും ലോക്കോ പൈലറ്റുമാരാണ്. ചൊവ്വാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. വേണുഗോപാലാണ് കാർ ഓടിച്ചിരുന്നത്. കാർ നേരെ പാർക്ക് ചെയ്യുന്നതിനിടെ കുളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വെള്ളത്തിലേക്ക് താഴ്ന്ന കാറിന്റെ ഡിക്കി ഡോറിന്റെ കുറച്ചു ഭാഗം മാത്രമേ പുറമേ കാണാനുണ്ടായിരുന്നുള്ളൂ.

തൃപ്പൂണിത്തുറ നഗരസഭയുടേതാണ് വെള്ളം നിറഞ്ഞുകിടക്കുന്ന ഈ കുളം. കുളത്തിനരികിൽ സംരക്ഷണ ഭിത്തിയോ, മറ്റ് സുരക്ഷാ കാര്യങ്ങളോ ഇല്ലാത്തതിനാൽ പരിചയമില്ലാത്തവർക്ക് പായൽ നിറഞ്ഞു കിടക്കുന്ന കുളം പറമ്പാണെന്നേ തോന്നുകയുള്ളൂ. ഇതാണ് അപകടത്തിനിടയാക്കിയത്.

ഈ സമയം ഇവിടെ തെരുവ് വിളക്ക് തെളിഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഇവിടെ മറ്റൊരു കാർ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. കുളമാണെന്നറിയാതെ കാർ മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടമെന്ന് വേണുഗോപാൽ പറഞ്ഞു. കുളത്തിൽ പുല്ല് വളർന്നു നിൽക്കുന്നുണ്ട്. കാറിലിരുന്ന് നോക്കിയപ്പോൾ പറമ്പ് പോലെയാണ് തോന്നിയതെന്നും വേണുഗോപാൽ പറഞ്ഞു. കാറിനൊപ്പം മുങ്ങിയതോടെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഭാഗ്യത്തിന് ഡിക്കി ഭാഗം തുറക്കാനായി. ആളുകളും ഓടിക്കൂടി. അതാണ് രക്ഷയായതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version