മക്കളെ കൊന്നെന്ന് വീട്ടില്‍ ഫോണ്‍ ചെയ്ത് പറഞ്ഞു, കിണറ്റില്‍ ചാടിയതിന് പിന്നാലെ അട്ടഹസിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്ത് സുബീന, ഇരട്ടക്കുട്ടികളുടെ മരണവാര്‍ത്ത കേട്ട് നടുങ്ങി നാട്

കോഴിക്കോട്: ഇരട്ടക്കുട്ടികളെയും കൊണ്ട് യുവതി കിണറ്റില്‍ ചാടിയ സംഭവം നാടിനെയും ബന്ധുക്കളെയും ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. പേരോട് റഫീക്കിന്റെ ഭാര്യ സുബീനാ മുംതാസാണ് മക്കളായ റൗഹ, മുഹമ്മദ് റസ് വിന്‍ എന്നിവരെയും കൊണ്ട് കിണറ്റില്‍ ചാടിയത്. മൂന്നുവയസ്സുള്ള കുട്ടികള്‍ മരിച്ചു.

ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. രണ്ട് കുട്ടികളെയും കിണറ്റിലേക്ക് എറിഞ്ഞ ശേഷമാണ് സുബീന കൂടെ ചാടിയത്. ഇതിന് തൊട്ട് മുന്‍പ് തന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയും ചെയ്തിരുന്നു. മക്കളെ കൊന്നെന്നും താനും മരിക്കുകയാണെന്നുമാണ് സുബീന ഫോണിലൂടെ പറഞ്ഞത്.

കിണറ്റിലേക്ക് ചാടിയ സുബീന പമ്പ് സെറ്റില്‍ പിടിച്ച് നിന്നു. ഇതിന് ശേഷംഅട്ടഹസിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഈ ശബ്ദം കേട്ടാണ് റഫീഖിന്റെ ഉമ്മയും സഹോദരിയും വിവരം അറിഞ്ഞത്. ഇവരുടെ വിളികേട്ടെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സുമാണ് കിണറ്റില്‍ നിന്നും സുബീനയേയും കുട്ടികളെയും വെള്ളത്തില്‍ നിന്നും കരയ്‌ക്കെത്തിച്ചത്.

കുട്ടികള്‍ മരിച്ചിരുന്നു. താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ സുബീനയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. നാദാപുരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ആത്മഹത്യശ്രമത്തിനും കൊലപാതകത്തിനുമുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.

Exit mobile version