മയക്കുമരുന്നിനെ മയക്കുമരുന്ന് എന്നുതന്നെ പറഞ്ഞാൽ മതി; പാലാ ബിഷപ്പിനെ തള്ളി കർദിനാൾ മാർ ക്ലീമിസ് ബാവ

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് എന്ന വിവാദ പരാമർശത്തെ പരോക്ഷമായി തള്ളി കർദിനാൾ മാർ ക്ലീമിസ് കാത്തോലിക്ക ബാവ. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്നുതന്നെ പറഞ്ഞാൽ മതിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തന്റെ ഈ അഭിപ്രായം വ്യക്തമാണെന്നും തിരുവനന്തപുരത്ത് വിവിധ മതമേലധ്യക്ഷന്മാരെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു. ദീപികയിൽ വന്ന വിവാദ ലേഖനങ്ങളെയും അദ്ദേഹം പിന്തുണച്ചില്ല. കത്തോലിക്കസഭ അങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്നും സംഘടനകൾ നിലപാട് എടുത്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് യോഗം ചേർന്നത് എന്നത് ശരിയാണ്. ഞങ്ങൾ ചർച്ചചെയ്തത് അതിനപ്പുറത്തെ വിഷയമാണ്. കേരളത്തിന്റെ മതസൗഹാർദം എങ്ങനെ കൂടുതൽ ഊട്ടി ഉറപ്പിക്കാൻ കഴിയും എന്നത് സംബന്ധിച്ചാണ് ചർച്ചനടന്നതെന്നും കർദിനാൾ മാധ്യമങ്ങളോട് വിശദീകരിച്ചു.

അതേസമയം, മാർ ക്ലീമിസ് ബാവ വിളിച്ചുകൂട്ടിയ യോഗത്തിൽ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് പങ്കെടുത്തില്ല. അദ്ദേഹം അസൗകര്യം അറിയിക്കുകയായിരുന്നു. എന്താണ് അസൗകര്യം എന്ന് അറിയില്ല. പാണക്കാട് കുടുംബത്തിൽനിന്ന് ഇത്ര ദൂരം യാത്ര ചെയ്ത് മുനവ്വറലി തങ്ങൾ എത്തിയെന്ന് പറഞ്ഞ കർദിനാൾ, വരാതിരുന്നവരെ കുറിച്ചല്ല, വന്നവരെപ്പറ്റിയാണ് സംസാരിക്കേണ്ടതെന്നും പറഞ്ഞു.

വരാത്തവരെ ബഹുമാനത്തോടെയാണ് കാണുന്നത്. അവരെക്കൂടി കൂട്ടിച്ചേർക്കാനാണ് ഞങ്ങളുടെ പരിശ്രമം. എന്തായാലും അവരുംകൂടി ഒരുമിച്ച് കൂടേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version