കെ കരുണാകരന്റെ ആ ശൈലി കാണിക്കുന്ന നേതാവ് പിണറായി; മുഖ്യമന്ത്രിയെ പുകഴ്ത്തി കെ മുരളീധരൻ

തിരുവനന്തപുരം: കെ കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് വാഴ്ത്തി കെ മുരളീധരൻ എംപി. എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരൻറെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു.

ജാതി-മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടു പോകാനുള്ള അസാധാരണ ശേഷി പിണറായിക്ക് ഉണ്ടെന്നും തിരുവനന്തപുരം ജില്ല കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ കെ മുരളീധരൻ പറഞ്ഞു.

കോൺഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡർ ആണ്. എന്നാൽ പ്രത്യേക യോഗങ്ങൾ വിളിച്ചുള്ള സെമി കേഡർ അല്ല ഉദ്ദേശിക്കുന്നത്. പാർട്ടിയ്ക്ക് പാർട്ട് ടൈം ജോലിക്കാരെ വേണ്ടെന്നും മുഴുവൻ സമയ പ്രവർത്തകരെ മതിയെന്നും കെ മുരളീധരൻ പറഞ്ഞു. സ്റ്റാൻ സ്വാമിയെ കൊന്നവരാണ് ഇപ്പോൾ പാലാ ബിഷപ്പിന് പിന്തുണ നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു. ബിജെപിക്ക് വളരാൻ സി പി എം സഹായം ചെയ്യുകയാണെന്നും മുരളീധരൻ ആരോപിച്ചു.

നേമത്ത് അടിയൊഴുക്കുകൾ ഉണ്ടായി. അത് തടയാൻ കഴിഞ്ഞെങ്കിൽ ജയിക്കാൻ കഴിഞ്ഞേനെയെന്നും കെ മുരളീധരൻ പറഞ്ഞു. അച്ചടക്കം താനുൾപ്പെടെ എല്ലാവർക്കും ബാധകമാണ്. ഇനി വിട്ടുവീഴ്ച ഇല്ല. ശീലങ്ങൾ മാറണം. തെരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർത്ഥിയെ പാര വയ്ക്കുന്ന ആളുകൾ പാർട്ടിക്ക് വേണ്ട.

ആദർശത്തിന്റെ പേരിലല്ല ഇപ്പോൾ മൂന്നുപർ പാർട്ടി വിട്ടതെന്നും എകെജി സെന്ററിൽ സ്വീകരിക്കുന്ന തരത്തിൽ അവർ അധ:പതിച്ചുവെന്നും മരളീധരൻ പറഞ്ഞു. ജി സുധാകരനെ പുറത്താക്കാൻ നോക്കുന്ന പാർട്ടിയിലേക്കാണ് അവർ പോയതെന്നും കെ മുരളീധരൻ ആരോപിച്ചു.

Exit mobile version