കോവിഡ് ബാധിച്ച നൂറാമത്തെ ഗര്‍ഭിണിയും കുഞ്ഞിന് ജന്മം നല്‍കി: തൃശൂര്‍ ജില്ലാ ആശുപത്രി ജീവനക്കാരെ അഭിനന്ദിച്ച് ജില്ലാ കലക്ടര്‍

തൃശൂര്‍: കോവിഡ് ചികിത്സ തന്നെ വലിയ പ്രതിസന്ധിയുണ്ടാക്കുമ്പോള്‍ കോവിഡ് ബാധിതയായ ഗര്‍ഭിണിയുടെ പ്രസവവും വെല്ലുവിളി നിറഞ്ഞതാണ്. അത്യാധുനിക സംവിധാനമുള്ള സ്വകാര്യ ആശുപത്രികളില്‍ പോലും ഇതൊരു വെല്ലുവിളിയാണ്.

അതേസമയം, കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് മികച്ച സേവനം നല്‍കി മാതൃകയാവുകയാണ് തൃശൂര്‍ ജില്ലാ ആശുപത്രി. സെപ്തംബര്‍ 18 ശനിയാഴ്ച ആശുപത്രിയില്‍ നൂറാമത്തെ കോവിഡ് ബാധിച്ച ഗര്‍ഭിണി കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്.

ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ശ്രീദേവിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുളള ആരോഗ്യപ്രവര്‍ത്തകരുടേയും മറ്റു പ്രധാന വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടേയും ആത്മാര്‍ത്ഥമായ കൂട്ടായ പരിശ്രമത്തിന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അഭിനന്ദിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കലക്ടര്‍ ഹരിത വി കുമാര്‍ ഐഎഎസ് അഭിനന്ദനം രേഖപ്പെടുത്തിയത്.

”കൊവിഡ് മഹാമാരിക്കെതിരായുള്ള അതിജീവനത്തിന്റെ കാര്യത്തില്‍ ജില്ല എന്നും മുന്നിലാണ്. പ്രതിസന്ധിയുടെ ഈ കാലത്ത് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് കേള്‍ക്കുന്നത് സന്തോഷമുള്ള വാര്‍ത്തയാണ്. ജില്ലയിലെ ഏറ്റവും അധികം പ്രസവം നടക്കുന്ന, സാധാരണക്കാരുടെ ആശ്രയമായ ജനറല്‍ ആശുപത്രിയില്‍ സെപ്റ്റംബര്‍ 18 ശനിയാഴ്ച നൂറാമത്തെ, കൊവിഡ് 19 ബാധിതയായ അമ്മയുടെ കണ്‍മണി പിറന്നു. ഇതിലൂടെ കൊവിഡ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് മികച്ച സേവനം നല്‍കി മാതൃകയാവുകയാണ് ജില്ലാ ജനറല്‍ ആശുപത്രി.

കൊവിഡ് 19 ബാധിതരായ ഗര്‍ഭിണികളുടെ പ്രസവം എന്നത് സ്വകാര്യമേഖലയിലെ ആശുപത്രികളിലടക്കം എല്ലാ ആശുപത്രികളിലും ഒരു വലിയ വെല്ലുവിളി സൃഷ്ടിച്ച സാഹചര്യത്തിലാണ് തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ആ ല്ലുവിളി ഏറ്റെടുത്തത്. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ശ്രീദേവിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുളള ആരോഗ്യപ്രവര്‍ത്തകരുടേയും മറ്റു പ്രധാന വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടേയും ആത്മാര്‍ത്ഥമായ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിത്”- കലക്ടറുടെ കുറിപ്പില്‍ പറയുന്നു.

Exit mobile version