ഉള്ളിലെ കുഞ്ഞ് ജീവനറ്റതറിയാതെ ആശുപത്രി കയറി ഇറങ്ങി കൊല്ലത്തെ ഈ ദമ്പതികൾ; കൊടും വേദന കൊണ്ട് പുളഞ്ഞിട്ടും തിരിച്ചയച്ചത് മൂന്ന് സർക്കാർ ആശുപത്രികൾ; കടുത്ത അനാസ്ഥ

ചാത്തന്നൂർ: ഗർഭസ്ഥ ശിശുവിന്റെ ജീവന്റെ തുടിപ്പുകൾ അവസാനിച്ചതു പോലും അറിയാതെ വേദനകൊണ്ട് പുളഞ്ഞ് ചികിത്സയ്ക്കായി ആശുപത്രികൾ കയറി ഇറങ്ങേണ്ടി വന്ന ദുരിതം മീര ജീവിതത്തിലൊരിക്കലും മറക്കില്ല. എട്ടുമാസം ഗർഭിണിയായ ഈ യുവതി ജീവനറ്റ ഗർഭസ്ഥ ശിശുവിനെയും പേറി എത്തിയിട്ടും ‘പ്രശ്‌നമില്ലെന്നു’ പറഞ്ഞു തിരിച്ചയച്ചത് 3 സർക്കാർ ആശുപത്രികളാണ്.

ഒടുവിൽ കടുത്ത വേദന സഹിച്ച 4 ദിവസത്തിനു ശേഷം യുവതി കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവന്റെ തുടിപ്പില്ലാത്ത കുഞ്ഞിനെ പ്രസവിച്ചു. പാരിപ്പള്ളി കുളമട കഴുത്തുമൂട്ടിൽ താമസിക്കുന്ന, കല്ലുവാതുക്കൽ പാറ പാലമൂട്ടിൽ വീട്ടിൽ മിഥുന്റെ ഭാര്യ മീരയാണ് (23) ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം തീരാവേദന അനുഭവിക്കേണ്ടി വന്നത്.

ഗർഭാരംഭം മുതൽ രാമറാവുവിലായിരുന്നു ചികിത്സ. വയറുവേദന കാരണം ഈ മാസം 11ന് അവിടെ എത്തിയപ്പോൾ വിക്ടോറിയയിലേക്കു റഫർ ചെയ്തു. എന്നാൽ കൂട്ടിരിപ്പിന് സ്ത്രീ ഇല്ല എന്ന കാരണത്താൽ അവിടെ അഡ്മിറ്റ് ചെയ്തില്ല. പകരം എസ്എടിയിലേക്കു റഫർ ചെയ്തു. പിന്നീട് വേദന അൽപം കുറഞ്ഞതിനാൽ വീട്ടിലേക്കു മടങ്ങിയ ദമ്പതികൾ 13ന് എസ്എടിയിലെ അത്യാഹിത വിഭാഗത്തിലെത്തി. അവിടെ ഡോക്ടർ പരിശോധിക്കുക പോലും ചെയ്തില്ലെന്നാണ് മീരയും മിഥുനും പറയുന്നത്.

ഒടുവിൽ അസ്വസ്ഥത രൂക്ഷമായതോടെ 15നു പുലർച്ചെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സ്‌കാൻ ചെയ്തപ്പോഴാണു കുഞ്ഞിന് അനക്കമില്ലെന്നു കണ്ടത്. ജീവനറ്റ കുഞ്ഞിനെ അരമണിക്കൂറിനുള്ളിൽ പ്രസവിച്ചു. മൃതദേഹത്തിന് അഞ്ചോ ആറോ ദിവസം പഴക്കമുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Exit mobile version