കൊവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കള്‍ ആളുമാറി കൊണ്ടുപോയി; പിന്നീട് തിരികെ എത്തിച്ചു, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ബഹളം

അമ്പലപ്പുഴ: കൊവിഡ് ബാധിച്ചുമരിച്ച രോഗിയുടെ മൃതദേഹം ബന്ധുക്കള്‍ ആളുമാറി കൊണ്ടുപോയി. ഇതേ ചൊല്ലി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ബഹളം. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. കോവിഡ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കായംകുളം കൃഷ്ണപുരം മുണ്ടകത്തറ തെക്കേതില്‍ രമണന്‍(70), ചേര്‍ത്തലസ്വദേശി കുമാരന്‍ എന്നിവരാണു വെള്ളിയാഴ്ച വൈകീട്ടു മരിച്ചത്.

ഇതില്‍ രമണന്റെ മൃതദേഹമാണ് കുമാരന്റെ ബന്ധുക്കള്‍ ആളുമാറി കൊണ്ടുപോയത്. വൈകീട്ട് നാലിനാണ് രമണന്‍ മരിച്ചത്. മൃതദേഹം ഏറ്റുവാങ്ങാനായി ആവശ്യമായ രേഖകളുമായി രാത്രി എട്ടോടെ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. പലതവണ തീവ്രപരിചരണവിഭാഗവുമായി ബന്ധപ്പെട്ടെങ്കിലും മൃതദേഹം കിട്ടിയില്ല.

അതിനിടെ ഒന്‍പതരയോടെ ആംബുലന്‍സില്‍ രമണന്റെ മൃതദേഹം കുമാരന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ തിരികെയെത്തിച്ചു. തങ്ങള്‍ക്ക് ആളുമാറിയത് തിരിച്ചറിഞ്ഞതോടെയാണ് മൃതദേഹം തിരികെ എത്തിച്ചത്. കുമാരന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയും ചെയ്തു. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം പ്രത്യേക ബാഗിലാക്കിയാണു ബന്ധുക്കള്‍ക്ക് കൈമാറുന്നത്.

നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണു മൃതദേഹങ്ങള്‍ വിട്ടുനല്‍കിയതെന്ന് ആശുപത്രിസൂപ്രണ്ട് ഡോ. സജീവ് ജോര്‍ജ് പുളിക്കല്‍ പറഞ്ഞു. ബാഗ് തുറന്ന് മുഖംകാണിച്ച് ഉറപ്പുവരുത്തിയശേഷമാണ് മൃതദേഹം നല്‍കിയത്. മൃതദേഹം തിരിച്ചറിഞ്ഞ് കൊണ്ടുപോകുന്നതായി ബന്ധുക്കളില്‍നിന്ന് എഴുതിവാങ്ങി. ചേര്‍ത്തല സ്വദേശിയുടെ ബന്ധുക്കള്‍ക്കുണ്ടായ തെറ്റാണു സംഭവത്തിനു വഴിവെച്ചതെന്ന് സൂപ്രണ്ട് വിശദമാക്കി.

Exit mobile version