ഇല്ലാത്ത ദാരിദ്ര്യം പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ്; എല്ലാം വിശ്വസിച്ച് വീട്ടുകാരറിയാതെ 75 പവൻ സ്വർണം കൈമാറി ആറ്റിങ്ങലിലെ കൗമാരക്കാരി; ഒടുവിൽ തട്ടിപ്പിന് യുവാവും മാതാവും പിടിയിൽ

ആറ്റിങ്ങൽ: ഫേസ്ബുക്കിലൂടെ ഉടലെടുത്ത സൗഹൃദം മുതലെടുത്ത് 15കാരിയിൽ നിന്നും 75 പവന്റെ സ്വർണം തട്ടിയെടുത്ത യുവാവും മാതാവും പിടിയിൽ. സ്‌കൂൾ വിദ്യാർത്ഥിനി വീട്ടുകാരറിയാതെയാണ് യുവാവിന് 75 പവന്റെ സ്വർണാഭരണങ്ങൾ നൽകിയത്. ഒടുവിൽ പോലീസ് കേസെടുത്ത് യുവാവിനെയും അമ്മയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

മണമ്പൂർ കവലയൂർ കുളമുട്ടം എൻഎസ് ലാൻഡിൽ എൻ ഷിബിൻ (26), അമ്മ ഷാജില (52) എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ സ്വദേശിയായ പതിനഞ്ചുകാരിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. ഷിബിന്റെ വീട്ടിൽ നിന്ന് 9,80,000 രൂപ പോലീസ് കണ്ടെടുത്തിട്ടുമുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഏഴുമാസം മുമ്പാണ് പെൺകുട്ടി തട്ടിപ്പിന് ഇരയായത്. സമൂഹമാധ്യമം വഴി ഷിബിൻ 15 വയസ്സുള്ള പെൺകുട്ടിയുമായി പരിചയപ്പെട്ടിരുന്നു. തുടർന്ന് സമൂഹമാധ്യമത്തിൽ തന്റെ സാമ്പത്തികപ്രയാസങ്ങളെക്കുറിച്ച് ഷിബിൻ പോസ്റ്റിട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി വിവരങ്ങൾ ചോദിച്ചു. തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ സ്വർണം സൂക്ഷിച്ചിരിക്കുന്നതായി മനസ്സിലാക്കിയ ഷിബിൻ സ്വർണം ആവശ്യപ്പെട്ടു.

ഷിബിന്റെ കഷ്ടപ്പാടിൽ മനസലിഞ്ഞ പെൺകുട്ടി കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം വീട്ടുകാരറിയാതെ എടുത്ത് സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ വെച്ച് ഷിബിന് കൈമാറി. അടുത്തിടെ വീട്ടുകാർ അലമാര തുറന്ന് പരിശോധിച്ചപ്പോൾ സ്വർണം നഷ്ടപ്പെട്ടതായി മനസ്സിലാക്കി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിനിരയായ വിവരം പെൺകുട്ടി വീട്ടുകാരോട് പറഞ്ഞത്.

പിന്നാലെ, വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു. കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ യുവാവിനെയും അമ്മയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടി നൽകിയ സ്വർണാഭരണങ്ങൾ വില്ക്കാൻ ഷിബിനെ സഹായിച്ചത് ഷാജിലയാണ്. ഇതേത്തുടർന്നാണ് ഇവരെയും കേസിൽ പ്രതിചേർത്ത് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

പെൺകുട്ടി 27 പവൻ തനിക്ക് കൈമാറിയതായും ഇത് വിറ്റുകിട്ടിയ പണമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നതെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇരുവരെയും പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും ഇൻസ്‌പെക്ടർ ഡി മിഥുൻ അറിയിച്ചു.

Exit mobile version