സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം: ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് തീര്‍ന്നു; സ്റ്റോക്കുള്ളത് 1.4 ലക്ഷത്തോളം ഡോസ് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം. ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് വാക്സിന്‍ തീര്‍ന്നത്.

സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണുള്ളത്. എത്രയും വേഗം കൂടുതല്‍ വാക്സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വാക്‌സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രണ്ട് കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയില്‍ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമാണ്.

വിദേശത്ത് പോകുന്ന, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, കായിക താരങ്ങള്‍, തുടങ്ങിയവര്‍ക്ക് മാത്രമാണ് ഇളവ്. അടിയന്തര സാഹചര്യം കണക്കിലെടുത്തായിരുന്നു ഈ ഇളവെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

84 ദിവസത്തെ ഇടവേള കുറയ്ക്കണം എന്ന കിറ്റെക്‌സിന്റെ ആവശ്യം എതിര്‍ത്താണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

Exit mobile version