യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം അറിഞ്ഞിട്ടില്ല: ആദ്യം പ്രതികരിച്ചവരില്‍ ഒരാള്‍ താനാണ്; വിവാദത്തിനിടെ തലയൂരി ഷാഫി പറമ്പില്‍

തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് വക്താവായി നിയമിച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധം ആളിക്കത്തുന്നതിനിടെ തലയൂരി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍.

അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് വക്താവായി നിയമിച്ചത് താനറിഞ്ഞിട്ടില്ലെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. അഞ്ചു പേരെ കേരളത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താക്കളായി തിരഞ്ഞെടുത്തതിനെതിരെ ആദ്യം പ്രതികരിച്ചവരില്‍ ഒരാള്‍ താനാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

നിയമന ലിസ്റ്റ് പുറത്തുവന്നയുടനെ ഇവിടത്തെ വികാരം തനിക്ക് മനസിലായിരുന്നെന്നും നിയമനം റദ്ദാക്കണമെന്ന് ഉടനടി താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഷാഫി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി ‘യങ് ഇന്ത്യ ബോല്‍’ എന്ന പേരില്‍ നടത്തിയ ക്യാമ്പയിന്റെ ഭാഗമായാണ് വക്താക്കളെ തെരഞ്ഞെടുത്ത്. ഇത് സംസ്ഥാന കമ്മിറ്റി അറിഞ്ഞിട്ടില്ല. സംസ്ഥാന കമ്മിറ്റി അറിയാതെയുള്ള നിയമനം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം മരവിപ്പിച്ചതെന്നും ഷാഫി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചത്. എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് പിന്നീട് ലിസ്റ്റ് മരവിപ്പിക്കുകയായിരുന്നു. ആരോടും പരിഭവമില്ലെന്നായിരുന്നു അര്‍ജുന്‍ രാധാകൃഷ്ണന്റെ പ്രതികരണം.

അതേസമയം പുതിയ വിവാദം തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ആയുധമാക്കാനുള്ള നീക്കത്തിലാണ് എ, ഐ ഗ്രൂപ്പുകള്‍. കോട്ടയത്ത് മകനെ തന്റെ പിന്‍ഗാമിയാക്കാനുള്ള നീക്കമാണ് തിരുവഞ്ചൂര്‍ നടത്തുന്നതെന്നാണ് ഇവരുടെ ആരോപണം.

Exit mobile version