‘കമ്പനി പൂട്ടിക്കുക എന്നാണ് ലക്ഷ്യം’; കിറ്റെക്‌സിൽ വീണ്ടും ഉദ്യോഗസ്ഥരുടെ പരിശോധനയെന്ന് സാബു ജേക്കബ്

കൊച്ചി: കിറ്റെക്‌സിൽ വീണ്ടും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയതായി കിറ്റെക്‌സ് ചെയർമാൻ സാബു എം ജേക്കബിന്റെ ആരോപണം. കൃഷി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരാണ് സംയുക്തമായി പരിശോധനയ്‌ക്കെത്തിയത്.

ഇതു പതിമൂന്നാം തവണയാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും കമ്പനി പൂട്ടിക്കുന്നതു ലക്ഷ്യമിട്ടാണ് ചിലരുടെ നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു. വ്ടയവസായ മന്ത്രിയുടെ പ്രഖ്യാപനം അവഗണിച്ച് ആവർത്തിക്കുന്ന ഈ പരിശോധനകൾ ഉദ്യോഗസ്ഥരാജാണ് ഇവിടെ നടക്കുന്നത് എന്നതിന്റെ തെളിവാണെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തി.

കിറ്റെക്‌സിലെ പരിശോധനകൾക്ക് എതിരെ പ്രതിഷേധം ഉയർന്നതോടെ വ്യവസായശാലകളിൽ തുടർച്ചയായി മിന്നൽ പരിശോധനകളുണ്ടാവില്ലെന്നും കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പരിശോധന.

സർക്കാർ വേട്ടയാടലിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് തുടങ്ങാനിരുന്ന 3,500 കോടിയുടെ ഉപേക്ഷിക്കുന്നതായി കിറ്റെക്‌സ് പ്രഖ്യാപിച്ചിരുന്നു. തൊട്ടു പിന്നാലെ തെലങ്കാന, കർണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ശ്രീലങ്കയിൽ നിന്നുമെല്ലാം കിറ്റെക്‌സിന്റെ നിന്ന് നിക്ഷേപം സ്വാഗതം ചെയ്‌തെന്നാണ് സാബു ജേക്കബ് പറയുന്നത്.

അതേസമയം കിറ്റെക്‌സിൽ നിന്നുള്ള മാലിന്യങ്ങളുടെ കാര്യത്തിൽ നിലനിൽക്കുന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന എന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version