250 രൂപയ്ക്ക് വ്യാജ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് റെഡി: അടിയന്തര യാത്രക്കാരെ ലക്ഷ്യമിട്ട് വ്യാജന്മാര്‍ വിലസുന്നു

കോഴിക്കോട്: സംസ്ഥാനത്ത് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമാകുന്നു. ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര നടത്തേണ്ട ആളുകള്‍ക്കാണ് പരിശോധന നടത്താതെ തന്നെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രമുഖ ലാബുകളുടെ പേരിലാണ് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നത്. ട്രാവല്‍ ഏജന്‍സികളാണ് ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര നടത്തുന്നവരെയാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത്.

തലശേരിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍സുമായി ബന്ധപ്പെട്ടപ്പോള്‍ ഇരുന്നൂറ്റി അന്‍പത് രൂപ ഓണ്‍ലൈന്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. പണം കൈമാറി, മണിക്കൂറിനകം യാതൊരു പരിശോധനയുമില്ലാതെ ആര്‍പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാട്‌സ് ആപ്പില്‍ ലഭിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്തെ മുന്‍നിര ലബോറട്ടറികളിലൊന്നായ ഡിഡിആര്‍സിയുടെ റിപ്പോര്‍ട്ടെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ കാണിക്കുന്നത്. എന്നാല്‍ ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ഡിഡിആര്‍സി നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഞങ്ങള്‍ക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റിന്റെ നമ്പറില്‍ ഒരു റിപ്പോര്‍ട്ടും ഇതുവരെ നല്‍കിയിട്ടില്ലെന്ന് ഡിഡിആര്‍സി വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഡിഡിആര്‍സി ഉള്‍പ്പടെ പ്രമുഖ ലാബുകളുടെ പിഡിഎഫ് ഫയലുകള്‍ എഡിറ്റ് ചെയ്താണ് ഇത്തരക്കാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നത്.

Exit mobile version