‘എന്റെ പി.എം, എന്റെ അഭിമാനം’ ലോകകപ്പ് സഞ്ചിയില്‍ മോഡി: വ്യാജ ഫോട്ടോ പ്രചരിപ്പിച്ച് ബിജെപി

ദോഹ: ഖത്തര്‍ ലോകകപ്പ് ബ്രാന്‍ഡിംഗിന്റെ ഭാഗമായി പുറത്തിറക്കിയ സഞ്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ചേര്‍ത്തുള്ള വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നു. ബിജെപി മുംബൈ മൈനോരിറ്റി മോര്‍ച്ച പ്രസിഡന്റും കേന്ദ്ര ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള വഖഫ് ഡവലപ്മെന്റ് കമ്മിറ്റി ചെയര്‍മാനുമായ വസിം ആര്‍ ഖാനാണ് ട്വിറ്ററില്‍ വ്യാജ ഫോട്ടോ പോസ്റ്റ് ചെയ്തത്.

‘എന്റെ പി.എം, എന്റെ അഭിമാനം’ എന്ന കുറിപ്പോടെ പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു വസീമിന്റെ ട്വീറ്റ്.

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്ന് ഒരാള്‍ ഉയര്‍ത്തിപ്പിടിച്ച സഞ്ചിയുടെ ചിത്രത്തില്‍ മോഡിയുടെ ഫോട്ടോയും അടിക്കുറിപ്പും കൃത്രിമമായി ചേര്‍ക്കുകയായിരുന്നു. ‘സബ്കാ സാത്ത് സബ്കാ വികാസ്’ അഥവാ എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം’ എന്നാണ് സഞ്ചിയില്‍ ഹിന്ദിയില്‍ ചേര്‍ത്തിരിക്കുന്നത്.

ഫോട്ടോയും ഹിന്ദിക്കുറിപ്പുമില്ലാത്ത ഫോട്ടോയും ട്വിറ്ററില്‍ തന്നെ പലരും പങ്കുവെച്ചു. ‘മര്‍സാല്‍ ഖത്തര്‍’ എന്ന പേജിലടക്കം പങ്കുവെച്ച ഫോട്ടോയിലാണ് കൃത്രിമം കാണിച്ചത്. എന്നാല്‍ വസിം ആര്‍ ഖാന്‍ തന്നെ കൃത്രിമം കാണിക്കുകയായിരുന്നോ അതല്ല മാറ്റാരെങ്കിലും കൈമാറിയ ഫോട്ടോ ഇയാള്‍ പങ്കുവെക്കുകയായിരുന്നോയെന്ന് വ്യക്തമല്ല.

Exit mobile version