‘യൂ ആര്‍ മൈ സണ്‍’, രാഹുലിനെ സ്‌നേഹ വാത്സല്യത്തില്‍ പൊതിഞ്ഞ് രാജമ്മ

കല്‍പ്പറ്റ: ‘യൂ ആര്‍ മൈ സണ്‍’, രാഹുല്‍ ഗാന്ധിയെ നിറഞ്ഞ സ്‌നേഹ വാത്സല്യത്തോടെ വിളിച്ച് രാജമ്മ. ‘എന്റെ മകനാണിത്. ഇവന്‍ ജനിച്ചത് എന്റെ കണ്‍മുന്നിലാണ്. നിങ്ങളൊക്കെ കാണുന്നതിന് മുന്‍പ് ഞാനാണ് ഈ മുഖം കണ്ടത്’, രാഹുലിനോടൊപ്പമുണ്ടായിരുന്നവരോട് രാജമ്മ പറഞ്ഞു.

രണ്ട് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനിടെയാണ് ഹൃദയസ്പര്‍ശിയായ നിമിഷത്തിന്റെ വീഡിയോ രാഹുല്‍ ഗാന്ധി പങ്കുവച്ചത്.


ബത്തേരി നായ്ക്കട്ടി സ്വദേശിയായ രാജമ്മ വാവാട്ടില്‍ തന്റെ ഇരുപത്തി മൂന്നാം വയസില്‍ ഡല്‍ഹിയിലെ ഹോളിക്രോസ് ആശുപത്രിയില്‍ നഴ്സായി ജോലിചെയ്യുമ്പോഴായിരുന്നു രാഹുലിന്റെ ജനനം. 1970 ജൂണ്‍ 19ന് രാഹുല്‍ ജനിച്ചു. സ്വന്തം മാതാവും പിതാവും ആ കുഞ്ഞിനെ കാണും മുന്‍പ് രാഹുലിനെ ചേര്‍ത്തുപിടിച്ചത് രാജമ്മയാണ്.

രാഹുല്‍ ഗാന്ധിയെ കാണുന്നതിനും സ്‌നേഹം പുതുക്കുന്നതിനും വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്നു അവര്‍.
സ്വന്തം വീടും രാജമ്മ രാഹുലിന് ചൂണ്ടിക്കാണിച്ചുകൊടുത്തു. നല്ല വീടെന്ന് രാഹുല്‍ മറുപടി നല്‍കുന്നു. താന്‍ എന്തെങ്കിലും അസൗകര്യമുണ്ടാക്കിയോ എന്ന് ഒപ്പമുള്ളവരോട് അവര്‍ ചോദിക്കുന്നുണ്ട്. യാത്ര പറയുമ്പോള്‍ സൂക്ഷിക്കണമെന്ന് രാഹുലിന്റെ വാക്ക്. രാജമ്മയെ കണ്ട സന്തോഷം രാഹുലും ഫേസ്ബുക്കില്‍ പങ്കുവച്ചു.

‘ഞാന്‍ ജനിച്ച ഡല്‍ഹി ഹോളി ഫാമിലി ഹോസ്പിറ്റലില്‍ നഴ്‌സായിരുന്ന രാജമ്മയെ കണ്ടുമുട്ടുന്നത് എപ്പോഴും സന്തോഷകരമാണ്. ‘എന്റെ മകന്‍’ എന്ന് അവര്‍ വിളിക്കുമ്പോഴെല്ലാം രാജമ്മയുടെ സ്‌നേഹവും വാത്സല്യവും എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നു. എന്റെ വയനാട് സന്ദര്‍ശനത്തിനിടെ ഇന്നലെ രാജമ്മയെ കണ്ടു. രാജമ്മ, ഞാന്‍ എപ്പോഴും നിങ്ങളുടെ അനുഗ്രഹം തേടും’.

ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം വോട്ടര്‍മാരോട് നന്ദിപറയാനായി വയനാട്ടിലെത്തിയ ആദ്യ വരവില്‍ത്തന്നെ രാഹുല്‍ രാജമ്മയെ കണ്ടിരുന്നു. കല്പറ്റയിലെ ഗവ. റെസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച. ആശുപത്രിവിടുംവരെ കുഞ്ഞുരാഹുലിനെ ഏറെ എടുത്തുനടന്ന കാര്യം അന്ന് രാജമ്മ അനുസ്മരിച്ചിരുന്നു. രാജമ്മ താന്‍ ഉണ്ടാക്കിയ ചക്ക ഉപ്പേരിയും ചോക്ലേറ്റുകളും അന്ന് രാഹുലിന് നല്‍കുകയും ചെയ്തിരുന്നു.

Exit mobile version