മീൻപിടുത്തം പരിശീലിപ്പിക്കാൻ വിളിച്ചുവരുത്തി കഞ്ചാവ് ശീലിപ്പിക്കും; യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് എക്‌സൈസിന്റെ പിടിയിൽ

തൃശ്ശൂർ: യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവുകച്ചവടം നടത്തുകയും യുവാക്കളെ കഞ്ചാവിന് അടിമയാക്കുകയും ചെയ്ത യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ഇയാളിൽനിന്ന് ഒന്നരക്കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്തുപറമ്പിൽ സനൂപ് (32) ആണ് എക്‌സൈസ് പിടിയിലായത്.

സനൂപ് മീൻപിടിത്തം സംബന്ധിച്ച യൂട്യൂബ് ചാനലാണ് നടത്തിയിരുന്നത്. സബ്‌സ്‌ക്രൈബേഴ്‌സ് ആകുന്ന വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും മീൻപിടിത്തം പരിശീലിപ്പിക്കാനെന്നും പറഞ്ഞ് പേരിൽ മണലിപ്പുഴയിലെ കൈനൂർച്ചിറ ഭാഗത്തേക്ക് വിളിച്ചുവരുത്തും. എന്നിട്ട് ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയും പതിയെ സ്ഥിരം ഉപഭോക്താക്കളാക്കുകയും ചെയ്യും.

ഇയാൾ അഞ്ഞൂറുരൂപയുടെ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് വിറ്റിരുന്നത്. പോലൂക്കര, മൂർക്കനിക്കര പ്രദേശങ്ങളിലെ പല ചെറുപ്പക്കാരും വിദ്യാർത്ഥികളും ഇയാളുടെ വലയത്തിലായതായി ബോധ്യപ്പെട്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഞ്ചാവിന് അടിമകളായവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. കൗൺസിലിങ് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ചികിത്സ നൽകുന്നതിനും നടപടിയെടുക്കുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ഹരിനന്ദനൻ ടിആർ അറിയിച്ചു.

അന്വേഷണസംഘത്തിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഹരീഷ് സിയു, പ്രിവന്റീവ് ഓഫീസർമാരായ കെഎം സജീവ്, ടിആർ സുനിൽകുമാർ, രാജേഷ്, രാജു, ഡ്രൈവർ റഫീക്ക് എന്നിവരുണ്ടായിരുന്നു.

Exit mobile version