കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകനെ ദേശീയപാതയിൽ വെച്ച് വെട്ടപ്പരിക്കേൽപ്പിച്ചു; തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചു; എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കൊല്ലം: കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. കുഴത്തൂപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശി അഫ്‌സൽ, അമ്പതേക്കർ സ്വദേശി താഹ താഹക്കുട്ടി, നെല്ലിമൂട് സ്വദേശി സുഫിയാൻ എന്നീ എസ്ഡിപിഐ പ്രവർത്തകരാണ് പിടിയാലായത്.

അഞ്ചൽ ഭാഗത്ത് നിന്നാണ് ചാത്തന്നൂർ ഇൻസ്‌പെക്ടർ ജസ്റ്റിൻ ജോണും സംഘവും പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ 24നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുളത്തുപ്പുഴ നെല്ലിമുട് സ്വദേശിയും ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവുമായ ഷിബിന് നേരെയായിരുന്നു ഇവരുടെ ആക്രമണം.

കണ്ണൂരിൽ നിന്നും ലോറിയിൽ ചെങ്കൽ കയറ്റിവന്ന ഷിബിൻ പുലർച്ചെ ഇത്തിക്കരയിൽ ദേശീയ പാതയോരത്ത് ലോറി നിർത്തിയിട്ട് വിശ്രമിക്കവെയായിരുന്നു ആക്രമണം. ഓട്ടോയിലും ബൈക്കിലുമായി എത്തിയ അക്രമിസംഘം മാരകായുധങ്ങളുപയോഗിച്ച് ഷിബിനെ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ ആ സമയത്ത് ദേശീയ പാതയിലുണ്ടായിരുന്ന തിരക്കുകാരണം തട്ടികൊണ്ടുപോകാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു.


ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് കുളത്തുപ്പുഴയിൽ നടന്ന ഡിവൈഎഫ്‌ഐ എസ്ഡിപിഐ സംഘർഷത്തിന്റെ തുടർച്ചയാണ് സംഭവമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കണ്ണൂരിൽ നിന്ന് വാഹനം പുറപ്പെട്ടപ്പോൾ മുതൽ ഷിബിന്റെ കൂടെയുണ്ടായിരുന്ന സഹായിയിൽ നിന്ന് അഫ്‌സൽ വിവരങ്ങളറിഞ്ഞിരുന്നു. അഫ്‌സലിനായി പോലീസ് കഴിഞ്ഞ ദിവസം വീട്ടിൽ റെയ്ഡ് നടത്തിയിരുന്നെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

Exit mobile version