പാര്‍ട്ടിയ്ക്ക് പ്രതിസന്ധിഘട്ടത്തില്‍ തന്നെ വേണ്ടിവരും: കെപിസിസി പ്രചാരണ സമിതി അധ്യക്ഷ പദവിയില്‍ കെ മുരളീധരന്‍

കോഴിക്കോട്: കെപിസിസി പ്രചാരണ സമിതി വിഭാഗം അധ്യക്ഷനായി ചുമതലയേറ്റതില്‍ പ്രതികരണവുമായി കെ മുരളീധരന്‍. പ്രതിസന്ധിഘട്ടം വരുമ്പോള്‍ പാര്‍ട്ടി തന്നെ പരിഗണിക്കുമെന്നും നിര്‍ണായക ഘട്ടങ്ങളില്‍ യുദ്ധം ചെയ്യേണ്ട ജോലിയാണ് തനിക്കെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുന്നത് മനസ്സില്‍ കൊണ്ടു നടന്ന മുരളീധരന്‍ ലക്ഷ്യം വെച്ച പദവിയായിരുന്നു യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം. പക്ഷേ പാര്‍ട്ടി നിയമിച്ചത് കെപിസിസിയുടെ പ്രചരണ സമിതി അധ്യക്ഷന്‍ ആയിട്ട്.

ഒരിക്കല്‍ രാജിവെച്ച് ഒഴിഞ്ഞ പദവി അതൃപ്തി ഉണ്ടെങ്കിലും ഏറ്റെടുക്കേണ്ട അവസ്ഥയിലാണ് കെ മുരളീധരന്‍. പാര്‍ട്ടി ഏല്‍പിച്ച ചുമതല തല്‍ക്കാലം ഏറ്റെടുക്കുന്നു എന്നാണ് കെ മുരളീധരന്റെ പ്രതികരണം. പുതിയ പദവിയില്‍ തൃപ്തനാണോ എന്ന ചോദ്യത്തിന് അതൃപ്തിയില്ല എന്ന് മറുപടി ഒതുക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയെ ലഭിക്കാതെ വന്നപ്പോള്‍ ചുമതല സ്വയം ഏറ്റെടുത്തയാളാണ് കെ. മുരളീധരന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തിലും സമാന അവസ്ഥയുണ്ടായി. പാര്‍ട്ടി മൂന്നാം സ്ഥാനത്തായിരുന്ന മണ്ഡലത്തില്‍ മത്സരിക്കാന്‍ കെ മുരളീധരന്‍ മുന്നോട്ടുവന്നു. മുന്‍ തിരഞ്ഞെടുപ്പിനെക്കാള്‍ ഇരട്ടിയിലധികം വോട്ടുനേടി. സന്നിഗ്ദ ഘട്ടങ്ങളില്‍ പാര്‍ട്ടിക്കൊപ്പം നിന്ന തനിക്ക് മതിയായ പരിഗണന കിട്ടിയില്ല എന്ന പരാതി കെ മുരളീധരനുണ്ട്.

കഴിഞ്ഞ ദിവസമാണ് മുരളീധരനെ വീണ്ടും പ്രചാരണ സമിതി അധ്യക്ഷനായി എഐസിസി നിയമിച്ചത്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിച്ച ശേഷം തഴഞ്ഞതില്‍ അമര്‍ഷത്തിലായിരുന്ന മുരളീധരനെ അനുനയിപ്പിക്കാനാണിത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷനായപ്പോഴാണ് മുരളീധരനെ ആദ്യം പ്രചാരണ സമിതി അധ്യക്ഷനായി നിയമിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുരളീധരന്‍ സ്ഥാനം രാജിവച്ചിരുന്നു.

നേമത്ത് പരാജയപ്പെട്ട ശേഷം മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് തീരുമാനം മാറ്റി. ഇതിന്റെ നിരാശയിലായിരുന്ന മുരളീധരനെ അനുനയിപ്പിക്കാനാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണസമിതിയിലേക്ക് തെരഞ്ഞെടുത്തിരിക്കത്.

കെവി തോമസിനെ പിസി ചാക്കോ എന്‍സിപിയിലേക്ക് ക്ഷണിച്ചതിനോടും മുരളീധരന്‍ മറുപടി നല്‍കി. ‘പിസി ചാക്കോ എല്ലാവരേയും ക്ഷണിക്കുന്നുണ്ട്. ആവശ്യത്തിന് ആളുകള്‍ ഇവിടെയുണ്ട്. കോണ്‍ഗ്രസിലേക്ക് ആളെ ക്ഷണിക്കാത്തത് ഇവിടെ അവരും കൂടി വന്നിട്ട് ശല്യം ആവണ്ടായെന്ന് കരുതിയാണ്. ആരേയും ക്ഷണിക്കേണ്ട ചുമതല കോണ്‍ഗ്രസിനില്ല,’ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version