അസഭ്യവർഷത്തിൽ ഉള്ളുപുകഞ്ഞ് ‘സമരാഗ്നി’; ഒരുമിച്ചുള്ള പത്രസമ്മേളനം ഒഴിവാക്കി കെ സുധാകരനും വിഡി സതീശനും

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി നടത്തുന്ന സമരാഗ്നി ജാഥ അവസാനത്തേക്ക് അടുക്കുന്നതിനിടെ പാർട്ടിയിൽ ഉൾപ്പോര് ശക്തം. കെപിസിസി പ്രസിഡന്റ് കെസുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി നടത്താറുള്ള വാർത്താ സമ്മേളനം ഒഴിവാക്കി. പത്തനംതിട്ടയിൽ നടത്താനിരുന്ന വാർത്താ സമ്മേളനമാണ് ഒഴിവാക്കിയത്.

ആലപ്പുഴയിൽവച്ച് വിഡി സതീശൻ വാർത്താ സമ്മേളനത്തിന് എത്താൻ വൈകിയതിനെ സംബന്ധിച്ച് നീരസം പ്രകടിപ്പിക്കുന്നതിനിടെ കെ സുധാകരൻ അസഭ്യവർഷം നടത്തിയത് വിഡി സതീശനെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് ജാഥയുടെ ഭാഗമായുള്ള സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കിയത്.

ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് അസഭ്യ പരാമർശത്തോടെ മറനീക്കി പുറത്തുവന്നത്. പിന്നാലെ വാർത്താസമ്മേളനവും ഒഴിവാക്കിയതോടെ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് വ്യക്തമാവുകയാണ്. ആദ്യം സമരാഗ്നി ജാഥയുടെ ഭാഗമായി പത്തനംതിട്ടയിൽ സുധാകരനും സതീശനും ഒരുമിച്ച് വാർത്താ സമ്മേളനം നടത്തുമെന്ന് പത്തനംതിട്ട ഡിസിസി ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് വാർത്താ സമ്മേളനമില്ലെന്ന് ഡിസിസി അധികൃതർ തന്നെ വ്യക്തമാക്കുകയായിരുന്നു.

ALSO READ- ഏഴാംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; രണ്ട് അധ്യാപകർക്ക് എതിരെ കേസെടുത്ത് പോലീസ്

ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകുമെന്നാണ് ഇതുസംബന്ധിച്ച് വിഡി സതീശന്റെ ഓഫിസിന്റെ പ്രതികരണം. ഇന്ന് ജാഥ പത്തനംതിട്ടയിലെ പര്യടനം പൂർത്തിയാക്കി ഉച്ചയ്ക്കു ശേഷം കൊല്ലം ജില്ലയിൽ പ്രവേശിക്കുകയാണ്.

ജനുവരി 21നു കാസർകോട്ടുനിന്ന് ആരംഭിച്ച യാത്രയാണ് ഇന്ന് കൊല്ലം ജില്ലയിലേക്ക് കടക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തുന്നുണ്ട്. ഈ മാസം അവസാനം തിരുവനന്തപുരത്താണ് ജാഥ സമാപിക്കുക.

Exit mobile version