അനീതി കണ്ടാല്‍ ഇനിയും പ്രതികരിക്കണം, ഗൗരിയെപ്പോലുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നു വന്നാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകില്ല; നാട്ടുകാരുടെ മുന്നില്‍വെച്ച് പോലീസിനെ വിറപ്പിച്ച ഗൗരി നന്ദയെ വീട്ടിലെത്തി അഭിനന്ദിച്ച് സുരേഷ് ഗോപി

ചടയമംഗലം: അകാരണമായി പിഴചുമത്തിയ ചടയമംഗലം പോലീസിനെ നാട്ടുകാരുടെ മുന്നില്‍വെച്ച് ചോദ്യംചെയ്ത പെണ്‍കുട്ടിക്ക് സോഷ്യല്‍മീഡിയ ഒന്നടങ്കം പിന്തുണ നല്‍കിയിരുന്നു. ഇപ്പോഴിതാ പോലീസിനെ വിറപ്പിച്ച ഗൗരി നന്ദയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍താരവും എംപിയുമായ സുരേഷ് ഗോപി.

മുന്‍പ് ഗൗരിയെ ഫോണിലൂടെ പിന്തുണയറിയിച്ചിരുന്ന സുരേഷ് ഗോപി അപ്രതീക്ഷിതമായി വീട്ടിലെത്തി ഗൗരിയെ അഭിനന്ദിച്ചു. ശനിയാഴ്ച മൂന്ന് മണിയോടെയാണ് സുരേഷ് ഗോപി ഗൗരിയുടെ വീട്ടിലെത്തിയത്. ഗൗരിയെപ്പോലുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നു വന്നാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകില്ലന്ന് സുരേഷ് ഗോപി പറഞ്ഞു.

കാക്കിയിട്ടാല്‍ എന്തുമാകാമെന്ന ധാരണ തെറ്റാണ്. അനീതി കണ്ടാല്‍ ഇനിയും പ്രതികരിക്കണമെന്നും അദ്ദേഹം ഗൗരിയോട് പറഞ്ഞു. അപ്രതീഷിതമായി വെള്ളിത്തിരയിലെ താരം വീട്ടിലെത്തിയതിന്റെ അമ്പരപ്പിലാണ് ഗൗരി. ചടയമംഗലം അക്കോണം സ്വദേശിനിയായ ഗൗരി പ്‌ളസ്ടു വിദ്യാര്‍ത്ഥിനിയാണ്.

ബാങ്കില്‍ വരി നിന്ന മധ്യവയസ്‌കന് അകാരണമായി പിഴചുമത്തിയത് ചോദ്യം ചെയ്തതായിരുന്നു ഗൗരി. ഇതിനുപിന്നാലെയാണ് ചടയമംഗലം പോലീസ് കാരണമില്ലാതെ ഗൗരിക്കെതിരെ കേസെടുത്തത് . പെണ്‍കുട്ടിക്കെതിരെ പോലീസ് ക്ഷുഭിതരായതും നടത്തിയ ആക്രോശവും സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. എന്നാല്‍ തന്റേടത്തോടെ അനീതിക്കെതിരെ വിരലുയര്‍ത്തിയ ഗൗരിക്ക് വലിയ പിന്തുണയാണ് സമൂഹത്തില്‍ നിന്ന് കിട്ടിയത്.

Exit mobile version