ജനങ്ങള്‍ക്ക് ലഭിച്ച ശേഷം മാത്രം തനിയ്ക്ക് വാക്‌സിന്‍: കോട്ടയത്ത് കോവിഡ് നിയന്ത്രണം ജനപങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് അലി അസ്ഗര്‍ പാഷ ഐഎഎസ്

കോട്ടയം: കോട്ടയം ജില്ലയില്‍ കോവിഡ് നിയന്ത്രണം ജനങ്ങളുടെ സഹായത്തോടെ നടപ്പാക്കുമെന്ന് ജില്ലയിലെ കോവിഡ് നിയന്ത്രണത്തിന്റെ അധികച്ചുമതലയുള്ള സിവില്‍ സപ്ലൈസ് മാനേജിങ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ ഐഎഎസ്.

‘നിയന്ത്രണങ്ങള്‍ക്കൊപ്പം വാക്‌സിനേഷനും മുന്‍തൂക്കം നല്‍കും. ഞാന്‍ ഇതുവരെ വാക്‌സീന്‍ എടുത്തിട്ടില്ല. ജനങ്ങള്‍ക്ക് വാക്‌സീന്‍ ലഭിച്ചു കഴിഞ്ഞു വാക്‌സീനെടുക്കാനുള്ള നിരയിലെ അവസാന ആളാകാനാണ് ഇഷ്ടം’ അലി അസ്ഗര്‍ പാഷ പറഞ്ഞു.

ജില്ലയില്‍ നിയന്ത്രണങ്ങള്‍ നിര്‍ബന്ധിച്ചു നടപ്പാക്കുന്നതിലും (എന്‍ഫോഴ്‌സ്‌മെന്റ്) നല്ലത് ജനങ്ങളുടെ പങ്കാളിത്തത്തോടെ (ഇന്‍വോള്‍മെന്റ്) നടപ്പാക്കുന്നതിനാണ്. അത്തരം ശൈലിക്കാണു മുന്‍തൂക്കം നല്‍കുക. ജനങ്ങളെ ബോധവല്‍ക്കരിക്കും.

നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. എങ്കിലും മുന്‍കരുതലുകളും നിയന്ത്രണങ്ങളും എടുക്കാതെ വയ്യ. ആളുകളെ കുറച്ചു വിവാഹം നടത്തുന്നതില്‍ തടസ്സമില്ല. നീട്ടി വയ്ക്കുന്നതും മറ്റൊരു പോംവഴിയാണ്. ഇത്തരത്തില്‍ ഓരോ പ്രശ്‌നത്തിലും പ്രായോഗികമായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് വ്യാപനം തടയലാണ് ഏറ്റവും വലിയ വെല്ലുവിളി. ഓരോ സ്ഥലത്തും ഓരോ തരം പ്രശ്‌നങ്ങളാണ്. വ്യാപനം നിയന്ത്രിക്കുക, കരുതല്‍ നടപടികള്‍ എടുക്കുക, ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് വേണ്ടതെന്നും അലി അസ്ഗര്‍ പാഷ പറഞ്ഞു.

മാത്രമല്ല, ജില്ലയിലെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍തൂക്കം നല്‍കും. വാക്‌സിനേഷനിലും പ്രവാസികള്‍ക്കു മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version