250 രൂപ മുതൽ 10000 വരെ! അന്യായമായി പോലീസും റവന്യൂവകുപ്പും ചുമത്തിയ പിഴ രസീതുകൾ മാലയായി അണിഞ്ഞ് പ്രതിഷേധിച്ച് ലോറി ഡ്രൈവർ

മഞ്ചേരി: ഉദ്യോഗസ്ഥർ അന്യായമായി ചുമത്തിയ പിഴയുടെ രസീതുകൾ മാലയായി അണിഞ്ഞ് മലപ്പുറം ജില്ലയിലെ മഞ്ചേരി ടൗണിൽ ഡ്രൈവറായ യുവാവ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. പോലീസും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും അന്യായമായി പിഴ ചുമത്തുന്നുവെന്ന് ആരോപിച്ച് ടിപ്പർ ലോറി ഡ്രൈവറാണ് വ്യത്യസ്ത പ്രതിഷേധം നടത്തുന്നത്.

ഫൈൻ തുകയടച്ച രസീതുകൾ കഴുത്തിൽ തൂക്കിയാണ് മഞ്ചേരി പുൽപ്പറ്റ സ്വദേശി റിയാസ് മഞ്ചേരി ടൗണിൽ പ്രതിഷേധിച്ചത്. ഒരു നൂലിൽ ഫൈൻ ലഭിച്ച രസീതുകളെല്ലാം കോർത്ത് കഴുത്തിലിട്ട് പ്ലക്കാർഡും കൈയ്യിൽ പിടിച്ച് റോഡിലൂടെ നടന്നാണ് റിയാസ് പ്രതിഷേധിച്ചത്. ആ നൂലിൽ കോർത്ത പേപ്പറുകളത്രയും തനിക്ക് അന്യായമായി ചുമത്തപ്പെട്ട പിഴത്തുകകളാണെന്നും ഇദ്ദേഹം പറയുന്നു.

250 രൂപ മുതൽ 10000 വരെ വിവിധ കാരണങ്ങൾ പറഞ്ഞു ഫൈൻ ഈടാക്കുന്നു. വാഹനം ദിവസങ്ങളോളം പിടിച്ചു വെക്കുന്നു. ഇത് വരെ ഫൈൻ അടച്ചതിൽ പകുതി രസീതുകൾ മാത്രമാണിതെന്നും റിയാസ് പറയുന്നു.

വഴിനീളെ ഉദ്യോഗസ്ഥരുടെ ചെക്കിങ്ങും ഫൈനും കാരണം ബുദ്ധിമുട്ടിലായ ഒരു ഡ്രൈവറുടെ ജീവിക്കാൻ വേണ്ടിയുള്ള പ്രതിഷേധം എന്നാണ് കൈയ്യിലെ പ്ലക്കാർഡിൽ റിയാസ് എഴുതിയിരിക്കുന്നത്.

Exit mobile version