ഇങ്ങനെ വില്‍പന നടത്താന്‍ കള്ളക്കടത്ത് സാധനമല്ല, നിരോധിത വസ്തു പോലെയല്ല മാന്യമായി മദ്യം വില്‍ക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മാന്യമായി മദ്യം വില്‍ക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന് ഹൈക്കോടതി. നിരോധിത വസ്തു പോലെയല്ല മദ്യം വില്‍ക്കേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ബെവ്‌കോയുടെ മദ്യവില്‍പന ഷോപ്പുകളില്‍ അടിസ്ഥാനസൗകര്യം ഒരുക്കണമെന്ന നാലുവര്‍ഷം മുമ്പുള്ള ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് നിരീക്ഷണം.

അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ വില്‍പന നടത്താന്‍ കള്ളക്കടത്ത് സാധനമല്ല നല്‍ക്കുന്നതെന്ന് അധികൃതര്‍ മനസ്സിലാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മദ്യക്കച്ചവടത്തിന്റെ കുത്തക സര്‍ക്കാര്‍ മേഖലയ്ക്കായതിനാല്‍ വേണ്ടത്ര സൗകര്യമില്ലാതെ ബെവ്‌ക്കോ ഷോപ്പുകള്‍ പ്രവര്‍ത്തിച്ചത് ജനം സഹിക്കുകയായിരുന്നെന്ന് ഹൈക്കോടതി പറഞ്ഞു.

പല മദ്യഷോപ്പുകളുടെയും സമീപത്തുകൂടി സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. സമീപത്ത് മദ്യഷോപ്പ് വരുന്നത് ജനം പേടിയോടെയാണ് കാണുന്നത്. എത്ര അലങ്കോലപ്പെട്ട നിലയിലാണ് ഷോപ്പ് പരിസരങ്ങള്‍, ഇത് എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്? കുറേക്കൂടി പരിഷ്‌കൃതമായ രീതിയില്‍ മദ്യം വില്‍ക്കേണ്ടതുണ്ട്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

അടിസ്ഥാനസൗകര്യമില്ലാത്ത 96 ഷോപ് മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചതായും കോടതിയലക്ഷ്യ ഹര്‍ജിക്ക് കാരണമായ തൃശൂര്‍ കുറുപ്പം റോഡിലെ ഷോപ് അടച്ചതായും സര്‍ക്കാര്‍ അറിയിച്ചു. മദ്യഷോപ്പുകളിലെ തിരക്ക് കുറക്കാന്‍ ബാറുകളടക്കം രാവിലെ ഒമ്പതിന് തുറക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജി വീണ്ടും ആഗസ്റ്റ് 12ന് പരിഗണിക്കാന്‍ മാറ്റി.

Exit mobile version