വാക്‌സിൻ സ്വീകരിക്കാനെത്തിയവരുടെ വാഹനനിയന്ത്രണത്തെ ചൊല്ലി തർക്കം; പാണ്ടിക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ രാഷ്ട്രീയപ്രവർത്തകർ തമ്മിൽ തല്ലി

പാണ്ടിക്കാട്: മലപ്പുറത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ യുവരാഷ്ട്രീയക്കാരുടെ തമ്മിൽതല്ല്. നാലുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11.30ഓടെ പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഹെൽപ്പ് ഡെസ്‌ക്ക് വൊളന്റിയറും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിലുണ്ടായ ഉന്തുംതള്ളുമാണ് സംഘർഷത്തിൽ കലാശിച്ചത്.

പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുള്ള വൊളന്റിയർ കെ ജയകൃഷ്ണൻ കോവിഡ് വാക്‌സിൻ സ്വീകരിക്കാനായി എത്തിയവരുടെ വാഹനങ്ങൾ നിയന്ത്രിക്കാൻ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. കുടുംബാരോഗ്യ കേന്ദ്രം വാഹനങ്ങൾ കൊണ്ട് നിറഞ്ഞതോടെ നിയന്ത്രിക്കണമെന്ന് ജയകൃഷ്ണൻ പുറത്തുള്ള ആർആർടി അംഗങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നുള്ള വാക്കേറ്റം സംഘർഷത്തിലെത്തി.

പരിക്കേറ്റ ജയകൃഷ്ണൻ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.സംഭവത്തെ തുടർന്ന് കുറ്റക്കാർക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്ന് യുഡിവൈഎഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി ആവശ്യപ്പെട്ടു. അതേസമയം, വാക്‌സിനെടുക്കാൻ പോയ ആർആർടി അംഗങ്ങൾക്ക് നേരെ ആദ്യം അക്രമം അഴിച്ചുവിട്ടത് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നും സംഭവം വളച്ചൊടിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും ഡിവൈഎഫ്‌ഐ പ്രതികരിച്ചു. സംഘർഷത്തിൽ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവർത്തകരായ വിപിൻ രാജ്, മിഥുൻ രാജ്, നിധിൻ കണ്ണാടിയിൽ എന്നിവർ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികത്സ തേടി.

Exit mobile version