പോലീസ് സ്റ്റേഷനില്‍ ചെന്ന് മാപ്പു പറയേണ്ടിയിരുന്നത് കിളിനക്കോട്ടെ ആണ്‍കുട്ടികളായിരുന്നില്ലേ? പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തെ അപലപിച്ച് ശാരദക്കുട്ടി

സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി.

തൃശ്ശൂര്‍: ഫേസ്ബുക്ക് ലൈവിലൂടെ കിളിനക്കോട്ടെ ജനങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. ആക്രമണം നടത്തുന്ന ആണ്‍കുട്ടികളേയും പെണ്‍കുട്ടികളെ കൊണ്ട് മാപ്പ് പറയിപ്പിച്ച പോലീസിനെയും വിമര്‍ശിച്ചുകൊണ്ടാണ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്.

കിളിനക്കോട്ടെ പോലീസ് സ്റ്റേഷനില്‍ ചെന്ന് മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളര്‍ന്നു മുറ്റിയ ആ ആണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നില്ലേ? തങ്ങളുടെ മക്കള്‍ പെണ്ണുങ്ങളുടെ അധികാരികളല്ല എന്നവരെ പറഞ്ഞു നിരന്തരം ബോധ്യപ്പെടുത്തിയെടുക്കേണ്ടത് ആ രക്ഷിതാക്കളായിരുന്നില്ലേ? അത്തരം രക്ഷിതാക്കള്‍ക്കെന്താണ് കുറ്റബോധം തോന്നാത്തത്? ആ പെണ്‍കുഞ്ഞുങ്ങളോട് മാപ്പു പറയാന്‍ മക്കളെ പറഞ്ഞു വിടണ്ടേയെന്നും ശാരദക്കുട്ടി ചോദിക്കുന്നു.

ഊര്‍ജ്ജം തുളുമ്പി, ചിരിച്ചു മറിഞ്ഞ് നര്‍മ്മഭാഷണം പറഞ്ഞ് ആണ്‍കുട്ടികളുടെ തലയിലെ വെളിച്ചമില്ലായ്മക്കു പരിഹാരം നിര്‍ദ്ദേശിക്കുന്ന തരത്തില്‍ ചുണക്കുട്ടികളായി പെണ്മക്കളെ വളര്‍ത്തിയെടുത്ത അമ്മമാരെ അഭിനന്ദിക്കുന്ന ഒരു സമീപനം എന്നാണ് കേരളമെന്ന ഈ വലിയ കിളിനക്കോട്ടുകരയ്ക്ക് ഉണ്ടാവുക. ആണ്‍മക്കളേ.. വെറുപ്പും അഹങ്കാരവും അധികാര ധാര്‍ഷ്ട്യവും നിങ്ങളെ ഭൂമിയില്‍ നിന്നു തന്നെ ഇല്ലാതാക്കുന്നതിനു മുന്‍പ്, പറന്നുയരുവാന്‍ ചിറകുകളാര്‍ജ്ജിച്ചു കഴിഞ്ഞ പെണ്‍കൂട്ടുകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക. അവരുടെ ചിരിയും ഇളക്കങ്ങളും നിങ്ങളുടെയും ജീവിത പ്രേരണയാകട്ടെ. നിങ്ങളുടെ ഭുജശാഖയിലല്ല അവരുടെ ഇരുപ്പ്- ശാരദക്കുട്ടി കുറിച്ചു.

അതേസമയം, സോഷ്യല്‍മീഡിയയില്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ച ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. വാട്‌സ്ആപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും വ്യക്തിപരമായ അധിക്ഷേപത്തിനും സൈബര്‍ ആക്രമണത്തിനും പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് 6 പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 506 എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തത്.

മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത പ്രദേശമായ കിളിനക്കോട് എന്ന ഗ്രാമത്തിലാണ് വിവാദ സംഭവം നടന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പെണ്‍കുട്ടികള്‍. അവര്‍ ആണ്‍കുട്ടികളായ സഹപാഠികള്‍ക്ക് ഒപ്പം സെല്‍ഫി എടുക്കുകയും അവരുടെ വാഹനങ്ങളില്‍ തിരിച്ചു പോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഒരുപറ്റം ആളുകള്‍ തടഞ്ഞു നിര്‍ത്തുകയും അധിക്ഷേപിക്കുകയും നട്ടുച്ചയ്ക്ക് നടുറോഡിലൂടെ നടത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ഫേസ്ബുക്ക് ലൈവില്‍ വന്ന പെണ്‍കുട്ടികള്‍, തങ്ങള്‍ ഇവിടെ ഒരു കല്ല്യാണത്തിന് വന്നതാണെന്നും ഇത്രയ്ക്ക് കള്‍ച്ചര്‍ ഇല്ലാത്ത നേരം വെളുക്കാത്ത നാട് വേറെയില്ലെന്നും തമാശ കലര്‍ന്ന രൂപത്തില്‍ ഫേസ്‌സ്ബുക്ക് വിഡിയോ ചെയ്തു. ‘ഇവിടത്തെ ചെക്കന്‍മാര്‍ പോലും കണക്കാണ്, ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ് ഈ പ്രദേശത്തേക്ക് വരുന്നവര്‍ ഒരു എമര്‍ജന്‍സിയുമായി വരുന്നതാകും നല്ലത്. കഴിയുന്നതും ഈ പ്രദേശത്തേക്ക് ആരും കല്ല്യാണം കഴിച്ച് വരാതിരിക്കുക’ ഇവര്‍ ഫേ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

ഇതോടെ ഒരു പറ്റം ആളുകള്‍ പെണ്‍കുട്ടികള്‍ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ രംഗത്ത് വരികയായിരുന്നു. നാടിനെ അധിക്ഷേപിച്ചുവെന്ന് കാണിച്ചു പോലീസില്‍ പരാതി നല്‍കിയെന്നും പെണ്‍കുട്ടികള്‍ ഇപ്പോള്‍ പോലീസ് സ്റ്റേഷനില്‍ ആണെന്നും ജനവികാരം ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചുവെന്നും സമൂഹമാധ്യമങ്ങളിലൂടെ യുവാക്കള്‍ പ്രചരിപ്പിച്ചിരുന്നു. ഒപ്പം പെണ്‍കുട്ടികളുടെ ചിത്രങ്ങളും വിഡിയോയും. ഇതാണ് കുരുക്കായത്. സദാചാര വിരുദ്ധമായ കാര്യങ്ങള്‍ ചെയ്തത് തടഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വീഡിയോ എടുത്തത് എന്ന് സൂചിപ്പിക്കുന്ന തലക്കെട്ടിലാണ് ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇവരെ വ്യക്തിപരമായി അധിക്ഷേപിച്ച് കൊണ്ടുള്ള സൈബര്‍ ആക്രമണമാണ് ഈ പോസ്റ്റുകള്‍ക്ക് താഴെ നടക്കുന്നത്.

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതു പോലെ പെണ്‍കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടികളുടെ നേരിട്ടുളള പരാതിയില്‍ മേല്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുകയായിരുന്നുവെന്ന് വടകര എസ്‌ഐ സംഗീത് പുനത്തില്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരും അവരെ വിളിച്ചു വരുത്തിയതല്ലെന്നും രക്ഷിതാക്കള്‍ക്കൊപ്പം അവര്‍ നേരിട്ടു വന്നു പരാതി നല്‍കുകയായിരുന്നുവെന്നും എസ്‌ഐ പറഞ്ഞു.

Exit mobile version