ഇനി ഹര്‍ത്താലുകള്‍ ഭയപ്പെടുത്തില്ല കേരളത്തെ! വ്യാപാരി വ്യവസായികള്‍ക്ക് പിന്നാലെ ഹര്‍ത്താലിനെതിരെ അണിചേര്‍ന്ന് 64 സംഘടനകള്‍

ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരെ മാത്രമല്ല ഈ നിലപാടെന്ന് സംഘടനകള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: ഇനി സംസ്ഥാനത്തെ ഹര്‍ത്താലുകള്‍ ഭീഷണിപ്പെടുത്തില്ല. വ്യാപാരി വ്യവസായി സംഘടനകള്‍ക്കു പിന്നാലെ ഹര്‍ത്താലിനെതിരെ അണി ചേര്‍ന്നിരിക്കുകയാണ് വിനോദസഞ്ചാരമേഖലയിലെ 28 സംഘടനകള്‍ കൂടി. സുപ്രീംകോടതി, ഹൈക്കോടതി വിധികള്‍ ഉണ്ടായിട്ടു പോലും ഹര്‍ത്താല്‍ ദിനങ്ങളില്‍ ടൂറിസം മേഖലയ്ക്ക് വേണ്ടത്ര സുരക്ഷ നല്‍കാത്ത സര്‍ക്കാരുകള്‍ക്കെതിരായാണ് സംഘടനകള്‍ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരെ മാത്രമല്ല ഈ നിലപാടെന്ന് സംഘടനകള്‍ വ്യക്തമാക്കുന്നു. ഓരോ ഹര്‍ത്താലും കുറഞ്ഞത് 150 കോടിരൂപയുടെ നഷ്ടം വിനോദസഞ്ചാരമേഖലയില്‍ മാത്രം സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. കൂടുതല്‍ ര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സംഘടനകള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും.

അതേസമയം, കോഴിക്കോട് വ്യാപാര, വ്യവസായ രംഗത്തെ പ്രമുഖരുടെ യോഗവും ഇന്ന് നടക്കും. ഹര്‍ത്താല്‍ ദുരിതത്തെ പ്രതിരോധിക്കാനുള്ള നടപടികളാണ് ഇവരുടെയും മുഖ്യചര്‍ച്ചാ വിഷയം.

പ്രളയം പ്രകൃതിദുരന്തമായെങ്കില്‍ സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയെ തകര്‍ക്കുന്ന മനുഷ്യനിര്‍മ്മിത ദുരന്തമാണ് തുടര്‍ച്ചയായുളള ഹര്‍ത്താലും ബന്ദുമെന്നാണ് വിവിധ വിനോദസഞ്ചാര സംഘടനകളുടെ വിലയിരുത്തില്‍. ഇനിയും ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിവിധ ടൂറിസം സംഘടനകള്‍ ചേര്‍ന്ന് കൂട്ടായ്മയ്ക്ക് ആലോചിക്കുന്നത്.

കോഴിക്കോട് വ്യാപാര ഭവനില്‍ വച്ചാണ് 36 സംഘടനകള്‍ പങ്കെടുക്കുന്ന യോഗം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലിനെ നേരിടാന്‍ മാത്രം പുതിയ സംഘടന രൂപീകരിക്കുമെന്ന് കേരള സ്റ്റേറ്റ് ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ ഫെഡറേഷന്‍ പ്രസിഡന്റ് കെകെ ഹംസ പറഞ്ഞു.

Exit mobile version