ഐഎൻഎൽ പിളർന്നില്ല; താൻ പാർട്ടിയുടെ ഭാഗത്താണ്, ഐഎൻഎൽ ദേശീയ സംവിധാനമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം: ഐഎൻഎൽ പാർട്ടിക്കുള്ളിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ഐഎൻഎൽ പിളർന്നില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. താൻ പാർട്ടിയുടെ ഭാഗത്താണ്. ഐഎൻഎൽ ദേശീയ സംവിധാനമാണെന്നും സംസ്ഥാന സംവിധാനമല്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.

സെക്രട്ടേറിയറ്റ് യോഗത്തിൽ ഇന്നലെ നടന്നത് പാർട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കും. താൻ ഐഎൻഎൽ ദേശീയ സെക്രട്ടറിയാണ്. അഖിലേന്ത്യ വിഷയം എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്കാമെന്നും ദേവർകോവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്നലെ ചേർന്ന വ്യത്യസ്ത യോഗങ്ങൾക്ക് പിന്നാലെ പാർട്ടി സംസ്ഥാന അധ്യക്ഷൻ എപി അബ്ദുൽ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂരും പരസ്പരം പുറത്താക്കിയതായി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു..

ഇതിന് പിന്നാലെ പാർട്ടിയുടെ ഓഫീസുകൾ പിടിച്ചെടുക്കലും നടന്നു. കോഴിക്കോട് പാർട്ടി ഓഫീസ് പിടിച്ചെടുക്കാൻ ഇരുവിഭാഗവും ശ്രമിച്ചതു സംഘർഷത്തിന് വഴിവെയ്ക്കുകയും സ്ഥലത്ത് പോലീസെത്തുകയും ചെയ്തു.

Exit mobile version