‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’ ഷാഫി പറമ്പിലിന്റെ സംഭാഷണം പുറത്ത്; ട്രോളുമായി സോഷ്യൽമീഡിയ; കാറിൽ പോകണമെന്ന് അല്ലല്ലോ പറഞ്ഞതെന്ന് തിരിച്ചടിച്ച് കോൺഗ്രസ്

തിരുവനന്തപുരം: പെട്രോൾ വില നാൾക്കുനാൾ ഉയരുന്നതിന് എതിരെ യൂത്ത് കോൺഗ്രസ് 100 കിലോമീറ്റർ സൈക്കിൾ ചവിട്ടി നടത്തിയ പ്രതിഷേധത്തിന് നേരെ ട്രോൾ മഴ. സൈക്കിൾ ചവിട്ടുന്നതിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ സഹപ്രവർത്തകരോടു സംസാരിക്കുന്ന വീഡിയോയാണ് വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുന്നത്.

‘അപ്പോഴേ പറഞ്ഞില്ലേ പദയാത്ര നടത്തിയാൽ മതിയായിരുന്നു’ എന്നാണു സൈക്കിൾ ചവിട്ടി ക്ഷീണിച്ച ഷാഫി പറമ്പിൽ സഹപ്രവർത്തകരോട് പറയുന്നത്. തിരിച്ച് ആരുടെ ഐഡിയ ആയിരുന്നു ഇതെന്ന ചോദ്യം ഉയരുകയും ഷാഫി പറമ്പിൽ ഫേസ്ബുക്ക് ലൈവിലൂടെ വീഡിയോ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഓർമ്മിപ്പിക്കുകയും വീഡിയോ ഡിലീറ്റ് ചെയ്യാൻ നിർദേശിക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ ഉള്ളടക്കം.

അതേസമയം, ഇതെല്ലാം വോട്ടിനു വേണ്ടിയുള്ള നാടകമാണ് എന്നാണ് സോഷ്യൽമീഡിയ വിമർശിക്കുന്നത്. സൈക്കിൾ റാലിയാണെങ്കിലും പദയാത്ര ആണെങ്കിലും പ്രതിഷേധിച്ചല്ലോ എന്നു ചോദിച്ചാണു യൂത്ത് കോൺഗ്രസ് തിരിച്ചടിക്കുന്നത്. ബസിലോ കാറിലോ പോകണം എന്നല്ലല്ലോ ഷാഫി പറഞ്ഞതെന്നും കാൽനടയായി പോകുന്ന കാര്യമല്ലേയെന്നും കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ വിശദീകരിക്കുന്നു.

Exit mobile version