നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥരും നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണം; ഹൈക്കോടതിയിൽ ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികൾ

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥരും അനധികൃതമായി ഭൂമി ഇടപാടുകൾ നടത്തിയെന്ന് ആരോപിച്ച് ഗൂഢാലോചനക്കേസ് പ്രതികൾ. നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥരും നടത്തിയ ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്നാണ് ഐഎസ്ആർഒ ചാരക്കേസിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട പ്രതികൾ ആവശ്യപ്പെടുന്നത്.

സിബിഐ ഡിഐജി രാജേന്ദ്ര നാഥ് കൗളും മുൻ ഡിജിപി രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുമായി നടന്ന ഭൂമിയിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്ന് പ്രതികൾ തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യപ്പെടുന്നു. നമ്പി നാരായണൻ പണവും ഭൂമിയും നൽകി സിബിഐ, ഐബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. ഈ സ്വാധീനത്തിന്റെ ഫലമാണ് ചാരക്കേസ് ഗൂഢാലോചനയെന്നും ഹർജിയിൽ പറയുന്നു. എസ് വിജയനും തമ്പി എസ് ദുർഗാദത്തും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ആവശ്യം ഉന്നയിച്ചത്. കേസിൽ ഒന്നും രണ്ടും പ്രതികളാണ് ഇവർ.

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പേരിലും ഭൂമി കൈമാറിയിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. അതേസമയം, ഐഎസ്ആർഒ ചാരക്കേസിൽ രേഖകളോ തെളിവുകളോ ഇല്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റു ചെയ്തതെന്ന് സിബിഐ ഈയിടെ വ്യക്തമാക്കിയിരുന്നു. നമ്പി നാരായണനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സിബിഐ വ്യക്തമാക്കി.

Exit mobile version