ഇത്തവണ ഭക്ഷ്യകിറ്റിൽ ഇരട്ടിമധുരം! ഏഴാംക്ലാസുകാരി അനറ്റിന് നൽകിയ വാക്ക് ഭക്ഷ്യമന്ത്രി മറന്നില്ല; ബിസ്‌കറ്റും ശർക്കര വരട്ടിയും ഉറപ്പാക്കുമെന്ന് മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: ലോക്ക്ഡൗൺ കാരണം വീട്ടിലിരിക്കുന്ന കുട്ടികളേയും പരിഗണിച്ചുകൊണ്ട് ഇത്തവണ സംസ്ഥാന സർക്കാർ സപ്ലൈകോയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഇരട്ടിമധുരം. വിതരണത്തിനെത്തുന്ന സൗജന്യ ഭക്ഷ്യക്കിറ്റിൽ ബിസ്‌ക്കറ്റും ശർക്കര വരട്ടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ ഇടപെടലിലാണ് ഇത്തരത്തിൽ രണ്ട് ഐറ്റം മധുര പലഹാരങ്ങളുമായി വ്യത്യസ്തമായ കിറ്റ് തയ്യാറാകുന്നത്. പൂർണപിന്തുണയുമായി സ്‌പ്ലൈകോയും കൈകോർക്കുന്നതോടെ കേരളത്തിലെ ഓരോ കുടുംബത്തിലേയും കുട്ടികളുടെ കൈകളിലേക്ക് പലഹാരമെത്തുകയാണ്. മന്ത്രിയുടെ തീരുമാനത്തിന് പിന്നിൽ അടൂരിലെ ഏഴാംക്ലാസുകാരി അനറ്റിന് നൽകിയ വാക്കിന്റെ മധുരവുമുണ്ട്.

അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി അനറ്റ് ഭക്ഷ്യക്കിറ്റിൽ സ്‌നാക്‌സും ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. പെരിങ്ങനാട് പാറക്കൂട്ടം ചെറിയാച്ചൻ തോമസ് -ഷൈനി ചെറിയാൻ ദമ്പതികളുടെ ഇളയ മകളാണ് അനറ്റ്. അന്ന് വീട്ടുകാരെ പോലും അറിയിക്കാതെയാണ് ഈ ഏഴാംക്ലാസുകാരി കത്തെഴുതിയത്. കത്ത് ശ്രദ്ധയിൽപ്പെട്ടതോടെ ഭക്ഷ്യ മന്ത്രി ജിആർ അനിൽ അടുത്ത തവണ കിറ്റിൽ സ്‌നാക്‌സ് പാക്കറ്റ് ഉണ്ടാവുമെന്ന ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഈ വാഗ്ദാനമാണിപ്പോൾ നിറവേറിയിരിക്കുന്നത്.

സ്‌കൂളുകൾ വഴി വിദ്യാർത്ഥികൾക്ക് നൽകുന്ന കിറ്റിൽ സ്‌നാക്‌സ് പായ്ക്കറ്റ് കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു അനറ്റ് മുഖ്യമന്ത്രിയോട് കത്തിലൂടെ അഭ്യർത്ഥിച്ചത്. കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിൽ ഒരാളാണ് പിണറായി വിജയൻ സാറെന്ന് വിശേഷിപ്പിച്ചാണ് അനറ്റിന്റെ കത്ത് തുടങ്ങിയത്. ഈ കത്ത് വായിച്ച മുഖ്യമന്ത്രി ഉടനെ തന്നെ കത്ത് ഭക്ഷ്യമന്ത്രിക്കു കൈമാറി. അധികം വൈകാതെ തന്നെ അനറ്റിനെ തേടി ഭക്ഷ്യമന്ത്രിയുടെ മറുപടിയുമെത്തി.

മന്ത്രി ബന്ധപ്പെട്ട സപ്ലൈകോ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ഭക്ഷ്യകിറ്റിൽ തന്നെ ബിസ്‌ക്കറ്റോ മധുരപലഹാരമോ മറ്റേതെങ്കിലും സ്‌നാക്‌സ് പായ്ക്കറ്റോ ഉൾപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഭക്ഷ്യ മന്ത്രി ജിആർ അനിൽ തന്നെ വിഡിയോ കോൾ വഴി അനറ്റിനെ ഇക്കാര്യം അറിയിച്ചത്.

മന്ത്രിയുടെ ഫോൺകോൾ അനറ്റിനെയും കുടുംബത്തെയും ശരിക്കും ഞെട്ടിക്കുകയും ചെയ്തിരുന്നു. ഈ വിവരം സ്‌കൂളിൽ എല്ലാവരോടും കൂട്ടുകാരെയുമൊക്കെ അറിയിക്കണമെന്നും പറഞ്ഞ ശേഷമാണ് മന്ത്രി അന്ന് ഫോൺ കോൾ അവസാനിപ്പിച്ചത്.

തന്റെ കത്ത് മുഖ്യമന്ത്രി വായിച്ചതിന്റെയും മറുപടി ലഭിച്ചതിന്റെയും സന്തോഷത്തിലായിരുന്നു അന്ന് അനറ്റ്. ഇപ്പോഴാകട്ടെ തന്റെ കത്ത് കാരണം കേരളത്തിലെ കുഞ്ഞുങ്ങൾക്ക് മധുരപലഹാരമെത്തുന്നതിന്റെ സന്തോഷത്തിലും.

കിറ്റെത്തിക്കുന്ന സപ്ലൈകോ ആകട്ടെ കുഞ്ഞുങ്ങളെ കൂടി ഭക്ഷ്യക്കിറ്റ് തയ്യാറാക്കുമ്പോൾ പരിഗണിച്ച് ഹീറോ പരിവേഷം അണിയുകയും ചെയ്തിരിക്കുകയാണ്.

ഇത്തവണ ഓണക്കിറ്റിൽ 17 ഇനങ്ങൾ ഉൾപ്പെടുത്തുമെന്നാണ് സപ്ലൈകോ അറിയിക്കുന്നത്. 600 രൂപയുടെ സാധനങ്ങൾ ഉൾപ്പെടുത്തിയുള്ള ഓണക്കിറ്റിനാണ് സപ്ലൈകോ ശുപാർശ ചെയ്തിരിക്കുന്നത്. ഇനങ്ങൾ സംബന്ധിച്ച് അന്തിമ തീരമാനമാക്കുന്നതിന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ, സപ്ലൈകോ എംഡി അലി അസ്ഗർ പാഷ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.

Exit mobile version