ക്യാമറ വാടയ്‌ക്കെടുത്ത് മുങ്ങി; നാടകീയ കെണിയൊരുക്കി യുവാവിനെ പിടികൂടി ക്യാമറയുടമ

തിരുവനന്തപുരം: വാടകയ്‌ക്കെടുത്ത ക്യാമറയുമായി മുങ്ങിയയാളെ കാത്തിരുന്ന
സാഹസികമായി പിടികൂടി ക്യാമറയുടമ. തിരുവനന്തപുരം സ്വദേശി ബ്ലെസ്ലിയാണ് തന്റെ ക്യാമറയുമായി കടന്നുകളഞ്ഞയാളെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്.

ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് ബിനു കൃഷ്ണന്‍ എന്ന യുവാവ് ബ്ലെസ്ലിയുടെ ക്യാമറ വാടകയ്‌ക്കെടുത്തത്. പിന്നീടാണ് ഇയാള്‍ നല്‍കിയ പാന്‍ കാര്‍ഡും ആധാറും വ്യാജമായിരുന്നെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഇതിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ബ്ലെസി പോസ്റ്റും ചെയ്തു.

ലോണെടുത്താണ് ബ്ലെസ്ലി മൂന്നു ലക്ഷം രൂപ വില വരുന്ന ക്യാമറ വാങ്ങിയത്. ലോക്ഡൗണായതോടെ ജോലികള്‍ കുറഞ്ഞു. ലോണിന്റെ തവണ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയായി. ഇതിനെ തുടര്‍ന്നാണ് ക്യാമറ വാടകക്ക് കൊടുക്കാന്‍ തീരുമാനിച്ചത്.

പരസ്യം ചെയ്യുകയും ചെയ്തു. പരസ്യം കണ്ട് ഈ മാസം ഒന്നാം തിയതി സ്റ്റുഡിയോയിലെത്തിയ ബിനു കൃഷ്ണന്‍ തന്റെ സഹോദരിയുടെ വിവാഹമാണെന്നും സാമ്പത്തികം ഇല്ലാത്തതിനാല്‍ വേറെ ഫോട്ടോഗ്രാഫറെ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും അതിനാല്‍ ക്യാമറ വാടകയ്ക്കെടുത്ത് സ്വന്തമായി ഫോട്ടോ എടുക്കാന്‍ തീരുമാനിച്ചതെന്നും പറഞ്ഞു.

ആധാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളും 1500 രൂപയും നല്‍കി. സംശയമൊന്നും തോന്നാത്തതിനാല്‍ ക്യാമറ നല്‍കുകയും ചെയ്തു. പിന്നീട് ക്യാമറയുമായി ബിനു കൃഷ്ണന്‍ കടന്നു കളയുകയായിരുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്നും ചതി പറ്റിയെന്നും ബ്ലെസ്ലിക്ക് മനസിലായത്.

ഒരാഴ്ചയ്ക്ക് ശേഷമാണ് നാടകീയമായി ബിനുവിനെ പിടികൂടാനൊരുങ്ങിയത്.
ബ്ലെസ്ലിയുടെ ഒരു സുഹൃത്ത് വഴി ബിനുവിനെ ഇടപാടിന് ക്ഷണിച്ചു. നേരില്‍ക്കാണാമെന്ന് പറഞ്ഞ ബിനുവിനെ വരുന്ന സമയത്ത് പിടികൂടാന്‍ വേഷം മാറിയാണ് സംഘം വലവിരിച്ച് കാത്തിരുന്നത്. അല്‍പ്പസമയത്തിന് ശേഷം വന്ന ബിനുവിനെ ബ്ലെസ്ലിയും സുഹൃത്തുക്കളും ഇയാളെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി.

ഇതിന്റെ ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തിയിരുന്നു. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതേ ബിനു ഹൈദരാബാദിലും നെയ്യാറ്റിന്‍കരയിലും മോഷണം നടത്തിയില്ലേ എന്നും കമന്റുകളുണ്ട്.

Exit mobile version