സംസ്ഥാനത്ത് ടിപിആർ കുറയാത്തതിൽ ആശങ്ക വേണ്ട; ശക്തമായ പ്രതിരോധമാണ് കേരളം കാണിച്ചത്; ചികിത്സാ സൗകര്യത്തിലും തൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

covid-19

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തെ അഭിനന്ദിച്ച് കേന്ദ്ര സംഘം. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയാത്തതിൽ ആശങ്ക വേണ്ടെന്നും കേരളം മികച്ച പ്രതിരോധമാണ് കാഴ്ചവെച്ചതെന്നും കേന്ദ്രസംഘം അറിയിച്ചു.

രണ്ടാഴ്ചയായി സംസ്ഥാനത്ത് നൂറുപരിശോധന നടത്തുമ്പോൾ പത്തോ പതിനൊന്നോ പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. രണ്ടാം തരംഗത്തിൽ ഈ രീതിയിൽ മുന്നോട്ടുപോകുന്നത് കേരളത്തിന്റെ ശക്തമായ പ്രതിരോധം കൊണ്ടാണ്. ആരോഗ്യസംവിധാനങ്ങൾക്ക് ഉൾക്കൊള്ളാനാവുംവിധം രോഗികളുടെ എണ്ണം നിയന്ത്രിച്ചുനിർത്താനായിട്ടുണ്ടെന്നും സംഘം വിലയിരുത്തി.

ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും ക്ഷാമമുണ്ടാകാത്തവിധം ഇടപെടാനായത് നേട്ടമായെന്നും കേന്ദ്രസംഘം വിലയിരുത്തി. ആശുപത്രികളിലെ രോഗീപരിചരണം, അടിസ്ഥാന സൗകര്യങ്ങൾ, വാക്‌സിനേഷൻ എന്നിവയിലും സംഘം തൃപ്തി രേഖപ്പെടുത്തി.

മറ്റുസംസ്ഥാനങ്ങളിൽ രണ്ടാം തരംഗത്തിന്റെ ഭാഗമായി രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും അതുപോലെ താഴുകയുമാണുണ്ടായത്. കേരളം ശക്തമായ പ്രതിരോധം തീർത്തതിനാൽ കൂടുതൽപേർ രോഗികളാവാതെ സംരക്ഷിക്കാനായി. രോഗസ്ഥിരീകരണനിരക്ക് സ്ഥിരമായ തോതിൽ നിൽക്കാൻ കാരണമിതാണ്.

തിരുവനന്തപുരം ജനറൽ ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളേജ്, കോലഞ്ചേരി ജനറൽ ആശുപത്രി എന്നിവിടങ്ങൾ സന്ദർശിച്ച സംഘം സംസ്ഥാനത്തെ കോവിഡ് സാഹചര്യം മന്ത്രി വീണാ ജോർജുമായി ചർച്ചചെയ്തു.

സംസ്ഥാനത്തിന് 90 ലക്ഷം ഡോസ് വാക്‌സിൻ അധികം അനുവദിക്കണമെന്ന് മന്ത്രി കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടു. റീജണൽ ഡയറക്ടർ ഓഫീസർ പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. റുചി ജെയിൻ, ജിപ്മർ പൾമണറി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. സക വിനോദ് കുമാർ എന്നിവരാണ് കേന്ദ്രസംഘത്തിലുണ്ടായിരുന്നത്.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ജോയന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Exit mobile version