പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പക, പെട്രോള്‍ കുപ്പി കാണിച്ച് പെണ്‍കുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി യുവാവ്, അറസ്റ്റ്

തിരുവനന്തപുരം : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ ക്ഷുഭിതനായ യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് ഭീഷണി മുഴക്കി. സംഭവത്തിന് പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ അയിരൂരിലാണ് സംഭവം.

നടത്തറ സ്വദേശി നൗഫലാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ ക്ഷുഭിതനായ നൗഫല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ രാത്രിയെത്തുകയും ഒപ്പം ഇറക്കിവിടണമെന്ന് ആവശ്യപ്പെടുകയും ബഹളമുണ്ടാക്കുകയും ചെയ്തു.

വീട്ടുകാര്‍ എതിര്‍ത്തതോടെ നൗഫല്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചുപൊട്ടിച്ചു. പിന്നീട് കൈയില്‍ കരുതിയ പെട്രോള്‍ കുപ്പി കാണിച്ചു വീട്ടുകാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതിന് പുറമേ വീട്ടിലെ സാധനങ്ങളും ഇയാള്‍ നശിപ്പിച്ചതായാണ് വിവരം.

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടാനെത്തിയ പോലീസിനെയും നൗഫല്‍ ആക്രമിച്ചു.

Exit mobile version