അന്വേഷണമികവും ജനകീയ ഇടപെടലുകളും; 100 ശതമാനം കേസും തെളിയിച്ചു; തമ്പാനൂർ സ്റ്റേഷൻ സംസ്ഥാനത്തെ മികച്ച പോലീസ് സ്‌റ്റേഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ 2020ലെ മികച്ച പോലീസ് സ്‌റ്റേഷൻ എന്ന മുഖ്യമന്ത്രിയുടെ പുരസ്‌കാരത്തിന് അർഹമായി തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ പോലീസ് സ്‌റ്റേഷൻ. അന്വേഷണമികവും ജനകീയ ഇടപെടലുകളും ഫലപ്രദമായ ബോധവത്കരണവുമാണ് തമ്പാനൂർ പോലീസ് സ്റ്റേഷനെ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്റ്റേഷനാക്കിയത്. പരാതിക്കാർക്കായി സ്റ്റേഷനിൽ ഒരുക്കുന്ന സൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും മികച്ചതാണെന്നാണ് പുരസ്‌കാരസമിതിയുടെ വിലയിരുത്തൽ.

കേസ് രജിസ്റ്റർ ചെയ്യുന്നതുമുതൽ കോടതിയിൽ സമർപ്പിക്കുന്നതുവരെയുള്ള നടപടികളെല്ലാം പൂർണമായും ഓൺലൈൻ സംവിധാനമാണ് ഇവിടെ. ഇതിനായി ഒരു ഐടി ഓഫീസറുൾപ്പെടെ നാലുപേർ പ്രത്യേകമായി ജോലി ചെയ്യുന്നുണ്ട്. 2019ൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ പോലീസ് സ്റ്റേഷനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

പൊതുജനങ്ങളോടുള്ള സമീപനം, അന്വേഷണവും കുറ്റകൃത്യം തെളിയിക്കലും ജനമൈത്രി, ഓൺലൈൻ സംവിധാനങ്ങളിലെ മികവ്, ലഹരിമരുന്നിനെതിരേയുള്ള അന്വേഷണം തുടങ്ങിയ മാനദണ്ഡങ്ങളാണ് അവാർഡിനു പരിഗണിച്ചത്. മുൻവർഷത്തേക്കാൾ 2020ൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം കുറഞ്ഞതും പുരസ്‌കാരത്തിന് പരിഗണിച്ചു. മോഷണക്കേസുകളുൾപ്പെടെയുള്ളതിൽ 100 ശതമാനത്തിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞതും നേട്ടമായി. ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ചാണ് സ്റ്റേഷനിലെ കേസുകളുടെ അന്വേഷണവും തെളിവെടുപ്പും. ഗുണ്ടാ ആക്ട് നടപ്പാക്കുകയും ലഹരിമാഫിയക്കെതിരേയുള്ള കേസുകൾ കൃത്യമായി അന്വേഷിക്കുകയും ചെയ്തു.

എല്ലാ വീടുകളിലും ജനമൈത്രി ഉദ്യോഗസ്ഥരെത്തുകയും മുതിർന്ന പൗരൻമാരുടെ സുരക്ഷയ്ക്കായി പ്രത്യേക നടപടികൾ കൈക്കൊള്ളുകയും ചെയ്യും. ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് റസിഡന്റ്‌സ് അസോസിയേഷനുകളുമായി ചേർന്ന് രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കിയതും പുരസ്‌കാരത്തിന് അർഹമാക്കി.

സ്റ്റേഷൻ പരിധിയിൽ വാഹനാപകടങ്ങൾ കുറയ്ക്കാനായി ബോധവത്കരണ പരിപാടികൾ നടത്തി. സംസ്ഥാനത്ത് ഏറ്റവും മികച്ച സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ബാച്ച് തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എസ്എംവി സ്‌കൂളിലാണ്. വിദ്യാർഥികളിൽ അവബോധമുണ്ടാക്കുന്ന നിരവധി പരിപാടികളാണ് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്നത്. ജനമൈത്രി പദ്ധതികൾക്ക് മാത്രമായി രണ്ടുജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

. നിലവിൽ വൈ മുഹമ്മദ് ഷാഫിയാണ് തമ്പാനൂരിലെ സിഐ. 2020ൽ എ ബൈജുവായിരുന്നു സിഐ എസ്എച്ച്ഒ ഉൾപ്പെടെ 68 പേരാണ് തമ്പാനൂരിലുള്ളത്. ഇതിൽ 10 പേർ വനിതകളാണ്. മൂന്ന് സബ് ഇൻസ്‌പെക്ടർമാരും സ്റ്റേഷനിലുണ്ട്.

Exit mobile version