രാമനാട്ടുകര സ്വർണക്കടത്തിൽ അറസ്റ്റിലായ എൻഡിഎ സഖ്യകക്ഷി നേതാവ് ശിഹാബിന് എപി അബ്ദുള്ളക്കുട്ടിയുമായി അടുത്തബന്ധം; തെരഞ്ഞെടുപ്പിന് ഫണ്ട് ചെലവഴിച്ചതായി സംശയം; ബിജെപി വീണ്ടും കുരുക്കിൽ

കോഴിക്കോട്: രാമനാട്ടുകര സ്വർണ്ണക്കടത്തിൽ അറസ്റ്റിലായ എൻഡിഎ സഖ്യകക്ഷിയായ പാർട്ടിയുടെ നേതാവ് ശിഹാബുമായി ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയുമായി അടുത്ത ബന്ധമെന്ന് സൂചന. റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയാണ് ശിഹാബ്. പാർട്ടി ദേശീയ ഉപാധ്യക്ഷനുമായി ശിഹാബ് വേദി പങ്കിടുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ എപി അബ്ദുള്ളകുട്ടിക്ക് വേണ്ടി സജീവമായിരുന്നു ശിഹാബ്. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഫണ്ട് ഇയാൾ കൈകാര്യം ചെയ്തിരുന്നുവെന്നുവെന്നാണ് അഭ്യൂഹം. പാർട്ടി പ്രചരണത്തിനായി ഇയാൾ സ്വന്തം പണം ചിലവഴിച്ചിരുന്നോയെന്ന കാര്യം പോലീസ് അന്വേഷണ പരിധിയിലേക്ക് കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്.

രാമനാട്ടുകര സ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ശിഹാബിനെ അറസ്റ്റ് ചെയ്യുന്നത്. ശിഹാബിന് ബിജെപി സംരക്ഷണം ഒരുക്കിയോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ബിജെപിയുമായി അടുത്ത ബന്ധം ശിഹാബ് സൂക്ഷിച്ചിരുന്നു.

എപി അബ്ദുള്ളക്കുട്ടിയുടെ പാർലിമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും ശിഹാബ് അംഗമാണ്. മഞ്ചേരി നഗരസഭയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നേതൃനിരയിലും ശിഹാബ് ഉണ്ടായിരുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നതിന് മുൻപ് ഇയാൾ അബ്ദുള്ളക്കുട്ടിയെ, അല്ലെങ്കിൽ മറ്റേതെങ്കിലും നേതാവിനെയോ ബന്ധപ്പെട്ടിരുന്നോയെന്നും പരിശോധിച്ചു വരികയാണ്. കരിപ്പൂർ കേന്ദ്രീകരിച്ച് ശിഹാബും സംഘവും പലതവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Exit mobile version